കണ്ണൂർ സർവകലാശാലയിലും എസ്‌എഫ്‌ഐക്ക്‌ ഉജ്വല വിജയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 12, 2024, 12:48 AM | 0 min read


കണ്ണൂർ
കണ്ണൂർ സർവകലാശാലയിലെ കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ  ഉജ്വല വിജയമാവർത്തിച്ച്‌ എസ്‌എഫ്‌ഐ. കാസർകോട്‌, കണ്ണൂർ, വയനാട്‌ ജില്ലകളിലെ സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ്‌ നടന്ന 65  കോളേജിൽ 45ലും  വൻഭൂരിപക്ഷത്തോടെ വിജയിച്ചു.  കണ്ണൂർ ജില്ലയിലെ  44 കോളേജുകളിൽ 34 ഉം  കാസർകോട്‌ 17ൽ 9ലും വയനാട്ടിൽ  നാലിൽ  രണ്ടും  എസ്‌എഫ്‌ഐ നേടി. കണ്ണൂരിൽ 24ഉം, കാസർകോട്‌ 5ഉം, വയനാട്ടിലെ ഒരു കോളേജിലും  മുഴുവൻ സീറ്റിലും എതിരില്ലാതെ ജയിച്ചിരുന്നു.

കണ്ണൂർ ജില്ലയിലെ തലശേരി ഗവ. ബ്രണ്ണൻ കോളേജ്‌, കണ്ണൂർ എസ്‌എൻ ,  തലശേരി  കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക ഗവ. കോളേജ്‌, ശ്രീകണ്‌ഠപുരം എസ്‌ഇഎസ്‌ , പയ്യന്നൂർ കോളേജ്‌,  പെരിങ്ങോം ഗവ. കോളേജ്‌ , മട്ടന്നൂർ കോളേജ്‌ എന്നിവിടങ്ങളിലെല്ലാം വൻ ഭൂരിപക്ഷത്തോടെയാണ്‌ വിജയിച്ചത്‌. മുട്ടന്നൂർ കോൺകോഡ്‌ കോളേജ്‌ കെഎസ്‌യുവിൽനിന്ന്‌ പിടിച്ചെടുത്തു.

കെഎസ്‌യുവിന്‌ കാലങ്ങളായി ആധിപത്യമുള്ള മാടായി കോളേജിൽ എട്ടിൽ നാല്‌ മേജർ സീറ്റുകൾ നേടി. കെഎസ്‌യു ജയിച്ച ഇരിട്ടി എംജി കോളേജിലും അങ്ങാടിക്കടവ്‌ ഡോൺ ബോസ്‌ കോ കോളേജിലും  യുയുസി സ്ഥാനം എസ്‌എഫ്‌ഐ നേടി. കാസർകോട്ട്  എളേരിത്തട്ട് ഇ കെ നായനാർ ഗവ. കോളേജ്‌, കരിന്തളം ഗവ. കോളേജ്‌, പള്ളിപ്പാറ ഐഎച്ച്‌ആർഡി,  മടിക്കൈ ഐഎച്ച് ആർഡി , എസ് എൻ ഡി പി കാലിച്ചാനടുക്കം കോളേജുകളിൽ എതിരില്ലാതെ ജയിച്ചു.

രാജപുരം സെന്റ്‌ പയസ്‌ കോളേജ്‌ കെ എസ് യുവിൽനിന്ന്‌ പിടിച്ചെടുത്തു. കാഞ്ഞങ്ങാട്‌ നെഹ്റു കോളേജ്‌, മുന്നാട്‌ പീപ്പിൾസ്‌ കോളേജ്‌, ഉദുമ ഗവ. കോളേജ്‌ എന്നിവിടങ്ങളിൽ എസ്‌എഫ്‌ഐ വൻ ഭൂരിപക്ഷത്തിൽ ജയിച്ചു. കാസർകോട്‌ ഗവ. കോളേജിൽ ഒമ്പതിൽ നാല്‌ മേജർ സീറ്റ്‌ നേടി. വയനാട്ടിൽ മാനന്തവാടി ഗവ. കോളേജിൽ മുഴുവൻ സീറ്റിലും വിജയിച്ചു.  പി കെ കാളൻ കോളേജിൽ മുഴുവൻ സീറ്റിലും   എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home