വി ഡി സതീശന്റെ രാജി ആവശ്യപ്പെട്ട് മഹിളാ അസോ. മാർച്ച് നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 09, 2024, 10:12 PM | 0 min read

പറവൂർ > പ്രതിപക്ഷനേതാവ്‌ വി ഡി സതീശന്റെ നേതൃത്വത്തിലുള്ള പവർ ഗ്രൂപ്പിന്റെ സ്‌ത്രീപീഡനം അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി ഡി സതീശന്റെ ഓഫീസിലേക്ക് മാർച്ച്‌ നടത്തി. പ്രതിപക്ഷനേതാവിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ മാർച്ച്‌ അഖിലേന്ത്യ വൈസ് പ്രസിഡന്റ്‌ പി കെ സൈനബ ഉദ്‌ഘാടനം ചെയ്‌തു.

കോൺഗ്രസിലെ പവർ ഗ്രൂപ്പിനെതിരെ പ്രതികരിക്കുന്ന വനിതാപ്രവർത്തകരെ പാർടിയിൽനിന്ന് പുറന്തള്ളുകയാണെന്ന് അവർ പറഞ്ഞു. സിനിമാമേഖലയിലെ പ്രശ്നങ്ങളിൽ നടപടി ആവശ്യപ്പെടുന്ന കോൺഗ്രസ് നേതൃത്വം, സ്വന്തം പാർടിയിലെ സ്ത്രീകൾ ഇത്തരം പരാതി ഉന്നയിക്കുമ്പോൾ നിഷേധനിലപാട് സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നും പി കെ സൈനബ പറഞ്ഞു.

കോൺഗ്രസിനകത്ത് സ്ത്രീകൾ നേരിടുന്ന പീഡനങ്ങൾ സംബന്ധിച്ചും അതിൽ പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പങ്കിനെക്കുറിച്ചും എഐസിസി അംഗം സിമി റോസ്ബെൽ ജോൺ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു മാർച്ച്‌.

പഴയ കെഎസ്ആർടിസി സ്റ്റാൻഡിൽനിന്ന്‌ ആരംഭിച്ച മാർച്ച് പ്രതിപക്ഷനേതാവിന്റെ ഓഫീസിനുസമീപം ദേശീയപാതയിൽ ബാരിക്കേഡ്‌ ഉയർത്തി പൊലീസ് തടഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം പി എസ് ഷൈല അധ്യക്ഷയായി. ജില്ലാ സെക്രട്ടറി പുഷ്പ ദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടെസ്സി ജേക്കബ്, എം ബി ഷൈനി, ഏരിയ സെക്രട്ടറി റീന അജയകുമാർ, പ്രസിഡന്റ്‌ എം എ രശ്മി, ജില്ലാ കമ്മിറ്റി അംഗങ്ങളായ അനിത തമ്പി, ജ്യോതി ദിനേശൻ എന്നിവർ സംസാരിച്ചു. ടി കെ ഭാസുരാദേവി, ഡോ. രമാകുമാരി, പി ആർ രചന എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home