പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത ലക്ഷ്യം: മന്ത്രി പി പ്രസാദ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 09, 2024, 08:41 PM | 0 min read

അങ്കമാലി > കേരളത്തിനാവശ്യമായ പച്ചക്കറികളും പഴ വർഗങ്ങളും ഇവിടെ നിന്ന് ഉത്പാദിപ്പിക്കണമെന്ന് മന്ത്രി പി പ്രസാദ്. അങ്കമാലിയിൽ കർഷകർക്കുള്ള തിരിച്ചറിയൽ കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പഴം, പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള മണ്ണും മനുഷ്യരുമുണ്ട്. ഇതിനുള്ള മനസ് കൂടിയുണ്ടാകണം. നവംബർ മാസത്തോടെ സമഗ്ര കാർഷിക പദ്ധതി തയാറാക്കണം. ഇത് സർക്കാരിന്റെയോ എംഎൽഎയുടെയോ പഞ്ചായത്തിന്റെയോ പദ്ധതിയല്ല, മറിച്ച് നാം ഓരോരുത്തരുടെയും പദ്ധതിയായി ഇതിനെ കാണണം. ഇതിനാവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ചെയ്യും. കൃഷി ഭൂമി എടുത്ത് കൃഷി ചെയ്യുന്നതിനുള്ള തടസങ്ങൾ മറികടക്കാൻ നിയമ നിർമ്മാണം നടത്താൻ സർക്കാർ ആലോചിക്കുന്നു. സാക്ഷരതാ പ്രസ്ഥാനം പോലെ ഒരു ജനകീയ ക്യാമ്പയിനായി ഇത് നിർവഹിക്കണം. വലിയ ജനകീയ പദ്ധതിയായി പഴം, പച്ചക്കറി കൃഷി ഉയർത്തിക്കൊണ്ടുവരണം. ഓരോ നാടും സ്വയം പര്യാപ്തമാകണം. വിഷം കഴിക്കാൻ താത്പര്യമില്ലെന്ന് സ്വയം പറയണം.  

കൃഷി കാര്യങ്ങൾക്ക് കർഷകന് കുറേ സഹായങ്ങൾ ആവശ്യമാണ്. അതിനുപകരിക്കുന്ന കാർഡാണ് സർക്കാർ ലക്ഷ്യമിട്ടത്. ഓഫീസ് കാര്യങ്ങൾക്ക് ബന്ധപ്പെടുന്നതിനും വായ്പയ്ക്ക് അപേക്ഷിക്കുന്നതിനും കൃഷിയുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാകുന്നതിനും ഉപകരിക്കുന്ന ഒരു കാർഡിന് കർഷകർ അർഹരാണ്. ഫോട്ടോയും അഡ്രസും പതിച്ച ഒരു കാർഡ് എന്നതിലുപരി കൃഷിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തുന്ന കാർഡാണിത്. കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ തെളിവായി സ്വീകരിക്കാൻ കഴിയുന്ന കൃഷി ഭവനിലോ കൃഷിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഓഫീസുകളിലോ ബന്ധപ്പെടുമ്പോൾ അവർക്ക് ആവശ്യമായ സേവനം ലഭ്യമാകുന്ന തരത്തിലുള്ള കാർഡാണിത്. അത്തരമൊരു തിരിച്ചറിയൽ കാർഡാണ് കർഷകർക്ക് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.  

റോജി ജോൺ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, കൃഷി വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു.
 



deshabhimani section

Related News

View More
0 comments
Sort by

Home