ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക 
പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 08, 2024, 04:39 AM | 0 min read

തിരുവനന്തപുരം > 2024ലെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക പുരസ്കാരങ്ങൾ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. എൻ വി കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്കാരത്തിനായി പി എൻ ഗോപീകൃഷ്ണനെ തെരഞ്ഞെടുത്തു. "ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കഥ' എന്ന കൃതിക്കാണ് പുരസ്‌കാരം. പ്രൊഫ എം വി നാരായണൻ ചെയർപേഴ്സണും ഡോ. ജീവൻ ജോബ് തോമസ്, പ്രൊഫ. കെ എം ഷീബ എന്നിവർ അം​ഗങ്ങളും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം  സത്യൻ മെമ്പർ സെക്രട്ടറിയുമായ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

എം പി കുമാരൻ സ്മാരക വിവർത്തന പുരസ്കാരത്തിനായി എസ് ശാന്തിയുടെ " കിളിമൊഴി: പക്ഷികൾക്കുവേണ്ടി 35 ഭാഷണങ്ങൾ, സലിം അലി' എന്ന പുസ്തകം തെരഞ്ഞെടുത്തു. പ്രൊഫ. കെ സച്ചിദാനന്ദൻ ചെയർപേഴ്സണും പ്രൊഫ. കെ എം കൃഷ്ണൻ, ആശാലത എന്നിവർ അം​ഗങ്ങളുമായ ജൂറിയാണ് വിധി നിർണയം നടത്തിയത്.ഡോ. കെ എം ജോർജ് സ്മാരക ഗവേഷണ പുരസ്കാരത്തിന് (ശാസ്ത്രേതരം) ടി തസ്ലിമയുടെ "കെ ജി ജോർജിന്റെ ചലച്ചിത്രങ്ങളിലെ ദൃശ്യ- ശബ്ദസങ്കേതങ്ങൾ: ആഖ്യാനവും അർത്ഥരൂപീകരണവും" എന്ന ഗവേഷണ പ്രബന്ധം തെരഞ്ഞെടുക്കപ്പെട്ടു. പ്രൊഫ. മാർഗരറ്റ് ജോർജ ചെയർപേഴ്സണും  പ്രൊഫ. പി പി രവീന്ദ്രൻ, പ്രൊഫ. എൻ അജയകുമാർ എന്നിവർ അം​ഗങ്ങളായ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 

എൻ വി കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്കാരം, എം പി കുമാരൻ സ്മാരക വിവർത്തന പുരസ്കാര ജേതാക്കൾക്ക് ഓരോ  ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും സമ്മാനിക്കും. ഡോ. കെ എം ജോർജ് സ്മാരക ഗവേഷണ പുരസ്കാര ജേതാവിന് 50,000 രൂപയും  പ്രശസ്തിപത്രവും ശിൽപ്പവും സമ്മാനിക്കും. പുരസ്കാരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ 25ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.
 



deshabhimani section

Related News

View More
0 comments
Sort by

Home