വീട്ടിൽ സ്‌പിരിറ്റ്‌ ഗോഡൗൺ; മണികണ്ഠൻ ആർഎസ്‌എസ്‌ കില്ലർ സ്‌ക്വാഡ്‌ അംഗം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 07, 2024, 11:40 PM | 0 min read

തൃശൂർ > വീട് വാടകയ്‌ക്കെടുത്ത്‌ സ്‌പിരിറ്റ്‌ ഗോഡൗണാക്കിയ ബിജെപി പ്രവർത്തകൻ മണികണ്ഠൻ വാടാനപ്പള്ളി–- ഏങ്ങണ്ടിയൂർ മേഖലയിലെ സ്ഥിരം ക്രിമിനൽ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുരേഷ്‌ ഗോപിയുടെ  പ്രചാരണത്തിൽ വാടാനപ്പള്ളി ബീച്ച്‌ പ്രദേശത്ത്‌  സജീവമായിരുന്നു. ബിജെപി പ്രവർത്തനത്തിന്റെ മറവിലായിരുന്നു മണികണ്ഠന്റെ  ക്രിമിനൽ പ്രവർത്തനങ്ങൾ.  ആർഎസ്‌എസ്‌ പരിപാടികളിലെ സ്ഥിരം സാന്നിധ്യവുമാണ്‌.

മേഖലയിലെ ബിജെപി ക്രിമിനൽ സ്‌ക്വാഡിന്‌ നേതൃത്വം നൽകിയായിരുന്നു തുടക്കം. സിപിഐ എം പ്രവർത്തകൻ ഏങ്ങണ്ടിയൂർ സ്വദേശി ഐ കെ ധനീഷിനെ കൊല്ലപ്പെടുത്തിയ കേസിൽ പ്രതിയാണ്‌. 2008 ഒക്ടോബർ ഒന്നിന്‌ ഇയാളടക്കമുള്ള ആർഎസ്എസ്‌ കില്ലർ സ്‌ക്വാഡാണ്‌ ധനീഷിനെ വെട്ടിക്കൊന്നത്‌. ധനീഷ്‌ വധം കൂടാതെ ഷാജി കൊലക്കേസിലും പ്രതിയാണ്‌. വിവിധ പൊലീസ്‌ സ്‌റ്റേഷനുകളിലായി 40 ക്രിമിനൽ കേസുകളാണ്‌ ഇയാൾക്കെതിരെയുള്ളത്‌. സംഘപരിവാറിനുവേണ്ടി തല്ലാനും കൊല്ലാനും ഇറങ്ങിയതിനു പിന്നാലെ ക്വട്ടേഷൻ ഏറ്റെടുത്ത്‌ നടത്താനും തുടങ്ങി. നാട്ടിലെ പ്രധാന ക്രിമിനലായി ബിജെപി തണലിൽ വളരുകയായിരുന്നു. ഏങ്ങണ്ടിയൂരിലെ ബിജെപി ഭാരവാഹി സുനിൽ മുളയ്‌ക്കലിന്റെ അടുത്ത അനുയായിയാണ്‌.

     ലാലൂർ കാര്യാട്ടുകര സ്വാമിപ്പാലത്തിന് സമീപം ജനവാസമേഖലയിൽ വീട്‌ വാടകയ്‌ക്കെടുത്ത്‌ സ്‌പിരിറ്റ്‌ ഗോഡൗണാക്കിയ കേസിൽ അറസ്റ്റിലായ മണികണ്ഠനെ ശനിയാഴ്‌ച റിമാൻഡ്‌ ചെയ്‌തു. ഇയാൾ സൂക്ഷിച്ചിരുന്ന സ്‌പിരിറ്റ്‌ ലഭിച്ച ഉറവിടം, സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോ തുടങ്ങിയ കാര്യങ്ങൾ വിശദമായി അന്വേഷിക്കുമെന്ന്‌ വെസ്റ്റ്‌ ഇൻസ്‌പെക്ടർ ലാൽകുമാർ പറഞ്ഞു. വീട്ടിൽ നടത്തിയ പരിശോധനയിൽ 4000 ലിറ്ററോളം സ്‌പിരിറ്റാണ്‌ പിടിച്ചെടുത്തത്‌.



deshabhimani section

Related News

View More
0 comments
Sort by

Home