പാമ്പാക്കുട പഞ്ചായത്ത് പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും രാജിവച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2024, 01:37 PM | 0 min read

പിറവം > പാമ്പാക്കുട പഞ്ചായത്ത് പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും രാജിവച്ചു. വെള്ളി രാവിലെ 10.30ടെയാണ് രാജി സമർപ്പിച്ചത്. പ്രസിഡൻ്റ് കോൺഗ്രസിലെ തോമസ് തടത്തിൽ, വൈസ് പ്രസിഡൻ്റ് ജേക്കബ് വിഭാഗത്തിലെ രാധാ നാരായണൻകുട്ടി എന്നിവരാണ് പഞ്ചായത്ത് സെക്രട്ടറിക്ക് രാജി സമർപ്പിച്ചത്.

യുഡിഎഫിലെ തർക്കമാണ് രാജിക്ക് കാരണം. പഞ്ചായത്ത് കമ്മിറ്റി പോലും വിളിച്ചു ചേർക്കാനാകാത്ത വിധത്തിൽ പ്രസിഡൻ്റും യുഡിഎഫ് അംഗങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായിരുന്നു.
കഴിഞ്ഞ മാസം രണ്ട് തവണ കമ്മിറ്റി നിശ്ചയിച്ചെങ്കിലും തർക്കം രൂക്ഷമായതിനാൽ മാറ്റി. ഒരു മാസം ഒരു കമ്മിറ്റിയെങ്കിലും കൂടി പദ്ധതി നിർവഹണവും നിരവധി അത്യാവശ്യ അജണ്ടകളും പസാക്കാനുണ്ടെങ്കിലും ഇരുപക്ഷവും കടുത്ത പോര് തുടരുന്നതിനാൽ സാധിച്ചില്ല.
യുഡിഎഫിലെ തർക്കം പഞ്ചായത്തിലെ വികസന ക്ഷേമ പ്രവർത്തനങ്ങളേയും, ദൈനംദിന കാര്യങ്ങളേയും ബാധിച്ച സാഹചര്യത്തിൽ എൽഡിഎഫ് സമരം ആരംഭിച്ചിരുന്നു.

കഴിഞ്ഞ മാസം നടന്ന പാമ്പാക്കുട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിമത വിഭാഗം വിജയിച്ചതിനേത്തുടർന്നാണ് തർക്കം രൂക്ഷമായത്. തെരഞ്ഞെടുപ്പിൽ റിബലായി മത്സരിച്ച .4 കോൺഗ്രസ് നേതാക്കളെ സ്ഥാനങ്ങളിൽ നിന്നും  നീക്കിയിരുന്നു.ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയും മുൻ പഞ്ചായത്തു പ്രസിഡൻ്റുമായ എബി എൻ ഏലിയാസ്, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം ടി യു രാജു കോൽപ്പാറ, പാമ്പാക്കുട മണ്ഡലം സെക്രട്ടറി ജിജി പോൾ, പാർട്ടി അംഗം സി എസ് സാജു എന്നിവർക്കെതിരെയാണ് നടപടി എടുത്തത്.നടപടി നേരിട്ടവർ നയിച്ച പാനൽ വിജയിച്ചതോടെ പഞ്ചായത്ത് പ്രസിഡൻ്റും, മണ്ഡലം പ്രസിഡൻ്റുമുൾപ്പെടുന്ന ഔദ്യോഗീക പക്ഷം വൻ പ്രതിസന്ധിയിലായി.കോൺഗ്രസിലെ ഒന്നാം വാർഡ് മെമ്പർ ജയന്തി മനോജും ജേക്കബ് ഗ്രൂപ്പ് നേതാവും രണ്ടാം വാർഡ് മെമ്പറുമായ ഫിലിപ്പ് ഇരട്ടയാനിക്കലും വിമതർക്കൊപ്പം മത്സരിച്ച് വിജയിച്ചു.പഞ്ചായത്ത് ഭരണനഷ്ടം ഭയന്ന് ഇവരെ പുറത്താക്കിയില്ല. ജേക്കബ് വിഭാഗത്തിലെ ബ്ലോക്ക് പഞ്ചായത്തംഗവും, കോൺഗ്രസിലെ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളുമാണ് യുഡിഎഫ് ഔദ്യോഗിക പാനലിൽ മത്സരിച്ച് തോറ്റത്. തുടക്കം മുതൽ കോൺഗ്രസ് നേതൃത്വത്തിൽ ഭരിക്കുന്ന ബാങ്കാണിത്.

തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി പോലും മുടങ്ങി.ഗ്രാമീണ റോഡുകൾ നന്നാക്കാനോ, കാട് വെട്ടിത്തെളിക്കാനോ നടപടിയില്ല. വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന ജനങ്ങൾ ഭരണസ്തംഭനവും കെടുകാര്യസ്ഥതയും മൂലം ഏറെ പ്രയാസപ്പെട്ടാണ് മടങ്ങുന്നത്. ഏതാനും മാസങ്ങളായി ഭരണസ്തംഭനം തുടരുകയായിരുന്നെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. 13 അംഗ ഭരണസമിതിയിൽ, യുഡിഎഫ് 9 എൽഡിഎഫ് 4 എന്നതാണ് കക്ഷി നില



deshabhimani section

Related News

View More
0 comments
Sort by

Home