കേന്ദ്രസമീപനം നീതിപൂർവമല്ല : ധനമന്ത്രി കെ എൻ ബാലഗോപാൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2024, 12:21 AM | 0 min read


തിരുവനന്തപുരം
നീതിപൂർവമല്ലാത്ത ധനവിഭജന രീതികളാണ്‌ കേന്ദ്രസർക്കാർ പിന്തുടരുന്നതെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രവരുമാനത്തിന്റെ 41 ശതമാനമെങ്കിലും സംസ്ഥാനങ്ങൾക്ക്‌ വിഭജിച്ചുനൽകണമെന്ന 15–-ാം ധനകമീഷന്റെ ശുപാർശപോലും അംഗീകരിക്കുന്നില്ല. സംസ്ഥാനങ്ങൾക്ക്‌ ലഭിക്കുന്നത്‌ 29.6 ശതമാനം മാത്രം. രാജ്യത്തെ മൊത്തം പൊതുചെലവിന്റെ 62.4 ശതമാനവും വഹിക്കുന്ന സംസ്ഥാനങ്ങൾക്ക്‌ ലഭിക്കുന്നത്‌ മൊത്തം വരുമാനത്തിന്റെ 37.3 ശതമാനമാണ്‌. 63 ശതമാനത്തോളം കേന്ദ്രം കൈയടക്കുന്നു. 

വരുമാനം സംസ്ഥാനങ്ങൾക്ക്‌ വിഭജിക്കേണ്ടതില്ലാത്ത പൂളിലേക്ക്‌ മാറ്റുകയാണ്‌ കേന്ദ്രം. ഇതിനായി സെസ്‌, സർചാർജ്‌ തുടങ്ങിയവ ആയുധമാക്കുന്നു. 2011-–-12ൽ കേന്ദ്രസർക്കാരിന്റെ ആകെ വരുമാനത്തിന്റെ 9.4 ശതമാനമായിരുന്നു സെസും സർചാർജും എങ്കിൽ ഇപ്പോൾ 29.8 ശതമാനമായി. ഇത്‌ സംസ്ഥാനങ്ങൾക്ക്‌ വലിയ വരുമാനനഷ്ടത്തിന്‌ കാരണമാകുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിലും സംസ്ഥാനതാൽപര്യം പരിഗണിക്കപ്പെടുന്നില്ല. 

10–-ാം ധനകമീഷൻ കേരളത്തിന്‌ ശുപാർശചെയ്‌ത വിഹിതം 3.875 ശതമാനമായിരുന്നു. 15–-ാം ധനകമീഷൻ 1.92 ശതമാനമാക്കി കുറച്ചു. 48,000 കോടി രൂപ ലഭിച്ചുകൊണ്ടിരുന്നത്‌ പകുതിയായി കുറഞ്ഞു. ഉത്തർപ്രദേശിന്‌ പത്താം ധനകമീഷൻ നീക്കിവച്ചത്‌ 17.8 ശതമാനമാണ്‌. 15–-ാം ധനകമീഷൻ 17.9 ശതമാനവും. കേരളത്തിന്റെ മൊത്തം നികുതി വരുമാനത്തിലെ കേന്ദ്രവിഹിതത്തിലും കുറവുണ്ടായി. നേരത്തെ 45 ശതമാനംവരെ ലഭിച്ചിരുന്നിടത്ത്‌ 21 ശതമാനമായി കുറച്ചു. 79 ശതമാനവും സംസ്ഥാനം സമാഹരിക്കുന്നതാണ്‌. എന്നാൽ ദേശീയ ശരാശരി 65 ശതമാനമാണ്‌. അതായത്‌ ഒട്ടേറെ സംസ്ഥാനങ്ങൾക്ക്‌ മൊത്തം നികുതിവരുമാനത്തിന്റെ 65 ശതമാനം വരെ കേന്ദ്രവിഹിതമായി ലഭിക്കുന്നു. സംസ്ഥാനങ്ങളുടെ കടമെടുപ്പ്‌ അവകാശങ്ങളിലും വിവേചനമുണ്ട്‌.

തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഗ്രാന്റിലും കാലികമായ വർധന ആവശ്യമാണ്‌. ക്ഷേമ പ്രവർത്തനങ്ങൾക്ക്‌ കൂടുതൽ ഊന്നൽ നൽകുന്ന കേരളത്തിന്‌ പ്രത്യേക അധിക സഹായത്തിനും അർഹതയുണ്ട്‌–- മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home