വ്യവസായ സൗഹൃദാന്തരീക്ഷം: കേരളം ഇന്ത്യയിലെ ടോപ്പ് പെർഫോർമർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 05, 2024, 08:01 PM | 0 min read

തിരുവനന്തപുരം > വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനുള്ള നടപടികളും പരിഷ്കാരങ്ങളും നടപ്പാക്കുന്നതിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനം നേടി കേരളം. വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികളും പരിഷ്കാരങ്ങളും അടിസ്ഥാനമാക്കി നടത്തിയ വിലയിരുത്തലിൽ ഒമ്പത് വിഭാഗങ്ങളിൽ കേരളം മുന്നിലെത്തി. 95% ലേറെ മാർക്ക് കരസ്ഥമാക്കിയ ടോപ്പ് പെർഫോർമർ പട്ടികയിൽ ഉൾപ്പെട്ട സംസ്ഥാനങ്ങളിലും ഏറ്റവും മുന്നിൽ കേരളമാണ്.

ഡൽഹിയിൽ കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത സംസ്ഥാന വ്യവസായ മന്ത്രിമാരുടെ സമ്മേളനത്തിൽ കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രി പിയൂഷ് ഗോയലാണ് കേരളത്തിൻ്റെ ചരിത്ര നേട്ടം പ്രഖ്യാപിച്ചത്. വ്യവസായ മന്ത്രി പി രാജീവിന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പുരസ്കാരം സമ്മാനിച്ചു. വ്യവസായ സൗഹൃദ നിലയിൽ ചരിത്രത്തിലാദ്യമായാണ് കേരളം ഒന്നാമതെത്തുന്നത്. വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സ്വീകരിച്ച നടപടികളുടെയും സംസ്ഥാനങ്ങളുടെ പ്രകടനത്തേയും ആധാരമാക്കി 4 വിഭാഗങ്ങളായി തിരിച്ചാണ് റാങ്കിംഗ് നടത്തിയത്.

റാങ്കിംഗിൽ ആന്ധ്രാപ്രദേശ് രണ്ടാമതും ഗുജറാത്ത് മൂന്നാമതുമാണ്. ആന്ധ്രാപ്രദേശിന് 5 ഉം ഗുജറാത്തിന് 3 ഉം മേഖലകളിൽ മികവ് തെളിയിക്കാനാണ് കഴിഞ്ഞത്. 30 മേഖലകളിൽ നടത്തിയ വിലയിരുത്തലിൽ 9 മേഖലകളിലും കേരളം ഒന്നാം സ്ഥാനം നേടി 'ടോപ്പ് പെർഫോർമർ ' ആയി. ഏക ജാലക സംവിധാനം, യൂട്ടിലിറ്റി അനുമതികൾ, റവന്യു സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിലെ കാര്യക്ഷമത, ഗതാഗത സൗകര്യങ്ങൾ, എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് സേവനം, നികുതി സംവിധാനത്തിലെ കാര്യക്ഷമത തുടങ്ങിയ മേഖലകളിലാണ് കേരളം ഒന്നാമത് എത്തിയത്. കഴിഞ്ഞ തവണ നടത്തിയ വ്യവസായ സൗഹൃദ റാങ്കിംഗിൽ 28 ൽ നിന്ന് കേരളം 15 ആം സ്ഥാനത്ത് എത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി എന്നിവർ കൂടി പങ്കെടുത്ത് നടത്തിയ അവലോകനങ്ങൾ പുതിയ നേട്ടം കൈവരിക്കാൻ സഹായകമായതായി വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. വിവിധ വകുപ്പുകൾ, വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥർ, സംരംഭക സംഘടനകൾ എന്നിവർ ചേർന്നു നടത്തിയ കൂട്ടായ ശ്രമത്തിന്റെ ഫലമാണ് ഇതെന്നും മന്ത്രി പറഞ്ഞു. കേരളത്തിൻ്റെ നേട്ടം സംരംഭക ലോകത്തിനും ഓരോ മലയാളിക്കും അഭിമാനിക്കാൻ വകയുള്ളതാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home