മോഹന്‍ലാൽ വിളിച്ചു ചോദിച്ചു "ഇതെന്റെ സെറ്റിലാണോ നടന്നത്': രാധിക ശരത്‍കുമാര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 03, 2024, 01:03 PM | 0 min read

ചെന്നൈ > ഹേമാ കമ്മിറ്റി റിപ്പോർട്ടു പുറത്ത് വന്നതിന് പിന്നാലെ നടത്തിയ വെളിപ്പെടുത്തൽ സംബന്ധിച്ച് നടൻ മോഹൻലാൽ തന്നെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചുവെന്ന് രാധിക ശരത്കുമാർ. സിനിമാസെറ്റിൽ കാരവാനിൽ ഒളിക്യാമറ ഉപയോഗിച്ചു നടിമാർ വസ്ത്രംമാറുന്ന ദൃശ്യങ്ങൾ പകര്‍ത്തുന്നുവെന്നായിരുന്നു രാധിക വെളിപ്പെടുത്തിയത്. ചെന്നെെയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാധിക.

"മോഹന്‍ലാല്‍ സാര്‍ എന്നെ വിളിച്ച് ചോദിച്ചു, ഇത് എന്‍റെ സെറ്റിലാണോ നടന്നത് എന്ന്. ഞാന്‍ പേര് പറയാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് പറഞ്ഞു. സെറ്റ് ഏതെന്ന കാര്യം വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെന്നും അറിയിച്ചു. ആ സംഭവം നടക്കുമ്പോൾ പ്രധാന താരങ്ങളാരും ലൊക്കേഷനിൽ ഉണ്ടായിരുന്നില്ല. നടന്നുപോകുന്നവഴിയാണ് സെറ്റിലുള്ളവർ ഇത്തരമൊരു വീഡിയോ കാണുന്നത് കണ്ടത്. ഞാന്‍ ബഹളം വെച്ചു, നിർമാണക്കമ്പനിയുടെ അധികൃതരെ വിളിച്ച് നടപടിയെടുക്കാനും ആവശ്യപ്പെട്ടു." ഈ സംഭവം പുറത്ത് പറഞ്ഞതിന് പിന്നാലെ ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം തന്നെ ഫോണിൽ വിളിച്ച് മൊഴിയെടുത്തുവെന്നും രാധിക പറഞ്ഞു.

തമിഴ് സിനിമയിലും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും വാര്‍ത്താ സമ്മേളനത്തില്‍ രാധിക ചൂണ്ടിക്കാട്ടി. തമിഴിലെ ഒരു പ്രമുഖ  താരം മദ്യപിച്ച് യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്നും തന്റെ ഇടപെടൽ കാരണമാണ് നടിയെ രക്ഷിക്കാനായതെന്നും രാധിക  വെളിപ്പെടുത്തി. തമിഴ് സിനിമാ മേഖലയിലെ ചൂഷണങ്ങൾ സംബന്ധിച്ച പരാതികൾ അന്വേഷിക്കാൻ സമിതി രൂപീകരിക്കണമെന്നും നടി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
 



deshabhimani section

Related News

View More
0 comments
Sort by

Home