നവജാത ശിശുവിന്റെ കൊലപാതകം ; കുഞ്ഞിനെ ശ്വാസംമുട്ടിച്ച്‌ 
കൊന്നത്‌ യുവതിയുടെ സുഹൃത്ത്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 03, 2024, 08:44 AM | 0 min read


ആലപ്പുഴ
ചേർത്തലയിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയത്‌ യുവതിയുടെ സുഹൃത്താണെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി എം പി മോഹനചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൂക്കും വായും പൊത്തിപ്പിടിച്ച്‌ ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. ചേന്ദംപള്ളിപ്പുറം പഞ്ചായത്ത് 17–ാം വാർഡ് പുല്ലുവേലിൽ കായിപ്പുറം വീട്ടിൽ ആശ മനോജ് (36), രാജേഷാലയം രതീഷ് (39) എന്നിവരാണ് പ്രതികൾ. കൊലപാതകത്തിൽ യുവതിക്ക്‌ പങ്കില്ല. എന്നാൽ കുഞ്ഞിനെ കൈമാറുമ്പോൾ എന്തുവേണമെങ്കിലും ചെയ്‌തോളൂ എന്ന്‌ ആശ പറഞ്ഞിരുന്നതായി രതീഷ്‌ പൊലീസിന്‌ മൊഴി നൽകി.

ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലെ പ്രസവശേഷം അഞ്ചാം ദിവസം ആശുപത്രി വിട്ടപ്പോൾ രതീഷിനെ വിളിച്ചുവരുത്തി ആശ കുഞ്ഞിനെ കൈമാറി. വീട്ടിലെത്തിയ രതീഷ്‌ അന്നുതന്നെ കുഞ്ഞിനെ കൊന്നു. ഭാര്യ ജോലിക്കു പോയതിനാൽ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഇക്കാരണത്താലാണ്‌ രതീഷ്‌  കുഞ്ഞിനെ വീട്ടിലേക്കു കൊണ്ടുപോയത്‌.  പ്രസവശേഷം വീട്ടിലേക്ക്‌ വരുമ്പോൾ കുഞ്ഞ്‌ കൂടെയുണ്ടാകരുതെന്ന്‌ ഭർത്താവ്‌ നിർദ്ദേശിച്ചിരുന്നതായാണ്‌ യുവതിയുടെ മൊഴി.  ഗർഭം ഒഴിവാക്കാൻ ആശ മൂന്നുതവണ ശ്രമിച്ചിരുന്നു. 

രതീഷ്‌ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന്‌ മനസിലാക്കിയ പൊലീസ്‌, ആശയുടെ ഫോണിൽനിന്നാണ്‌ ഇയാളെ വിളിച്ചുവരുത്തിയത്‌. സമൂഹമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതോടെ രതീഷ്‌ തെളിവ്‌ നശിപ്പിക്കാനും ശ്രമിച്ചു. കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്ത്‌ കത്തിക്കാൻ തീരുമാനിച്ചു. ഇതിനിടെയാണ്‌ പൊലീസിന്റെ ഫോൺ വിളിയെത്തിയത്‌. തുടർന്ന്‌ മൃതദേഹം ശുചിമുറിയിൽ ഒളിപ്പിക്കുകയായിരുന്നെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി പറഞ്ഞു.

വഴിത്തിരിവായത്‌ ആശാ വർക്കർമാരുടെ ജാഗ്രത
ആശ വർക്കർമാരുടെ പ്രവർത്തനങ്ങളാണ്‌ കേസിന്‌ തുമ്പുണ്ടാക്കുന്നതിൽ പ്രധാന വഴിത്തിരിവായതെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി പറഞ്ഞു. യുവതി ഗർഭിണിയാണെന്ന്‌ അറിയാമായിരുന്ന ആശ പ്രവർത്തകർ പ്രസവശേഷം കുഞ്ഞ്‌ എവിടെയെന്ന്‌ അന്വേഷിച്ചു. കുഞ്ഞിനെ വിറ്റെന്നായിരുന്നു ആദ്യസംശയം. ഇത്‌ പ്രാദേശിക സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായി. ഇതേത്തുടർന്ന്‌ ആശാവർക്കർമാർ കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചു. പൊലീസിലും അറിയിച്ചു. ചേർത്തല പൊലീസും നിർണായക നീക്കം നടത്തി. കേസ്‌ രജിസ്‌റ്റർ ചെയ്യുന്നതിന്‌ മുമ്പുതന്നെ സംഭവത്തിന്റെ പ്രാഥമിക വിവരങ്ങൾ കണ്ടെത്താനായി.

തെളിഞ്ഞത്‌ 
കൊടുംക്രൂരതയുടെ നേർചിത്രം
പള്ളിപ്പുറത്ത്‌ നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ ചേർത്തല പൊലീസ്‌ കോടതിയിൽ സമർപ്പിച്ച അപേക്ഷയിലുള്ളത്‌ കൊടുംക്രൂരതയുടെ നേർചിത്രം വെളിവാക്കുന്ന വിശദാംശങ്ങൾ. 31ന്‌ രാത്രി എട്ടിന്‌ ചേർത്തല–-അരൂക്കുറ്റി റോഡിൽ പള്ളിപ്പുറം സെന്റ്‌ മേരീസ്‌ ഫൊറോന പള്ളിയുടെ മുന്നിലെ കുരിശടിക്ക്‌ സമീപത്തെ വൈദ്യുതിത്തൂണിനടുത്തായിരുന്നു ആശ കുഞ്ഞിനെ കൈമാറിയത്‌. ടർക്കിയിൽ പൊതിഞ്ഞ കുഞ്ഞിനെ ആശ നൽകിയ സഞ്ചിയിലാക്കിയാണ്‌ രതീഷ്‌ സ്‌കൂട്ടറിൽ കൊണ്ടുപോയത്‌.  

രാത്രി 8.30ന്‌ രതീഷ്‌ വീട്ടുമുറ്റത്താണ്‌ കുഞ്ഞിനെ ശ്വാസംമുട്ടിച്ച്‌ കൊന്നത്‌. ഉടൻ സമീപത്ത്‌ കുഴിയെടുത്ത്‌ മറവുചെയ്‌തു. രണ്ടിന്‌ പകൽ മൂന്നിന്‌ മൃതദേഹം പുറത്തെടുത്ത്‌ വീട്ടുവളപ്പിലെ കുളിമുറിയിലേക്ക്‌ മാറ്റി. കുഴിയെടുക്കാൻ ഉപയോഗിച്ച മൺവെട്ടി, കുഞ്ഞിനെ കൊണ്ടുവന്ന സഞ്ചി, ടർക്കി എന്നിവ പൊലീസ്‌ രതീഷിന്റെ വീട്ടിൽനിന്ന്‌ കണ്ടെടുത്തു. കുഞ്ഞിനെയുമായി രതീഷ്‌ സഞ്ചരിച്ച സ്‌കൂട്ടറും കസ്‌റ്റഡിയിലെടുത്തു. കൊലപാതകം, സംരക്ഷിക്കാൻ ചുമതലപ്പെട്ട മാതാപിതാക്കൾ കുഞ്ഞിനെ കൊല്ലുക, മൃതദേഹം രഹസ്യമായി ഒളിപ്പിക്കുക എന്നിവയാണ്‌ കുറ്റങ്ങൾ. ബാലനീതി നിയമപ്രകാരം കുട്ടികൾക്കുനേരെയുള്ള അതിക്രമക്കുറ്റവും ചുമത്തി.



deshabhimani section

Related News

View More
0 comments
Sort by

Home