ഇന്ന്‌ ദേശീയ കായികദിനം ആ സ്‌മാഷുകൾക്ക്‌ പിന്നിലെ വീട്ടുകാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 29, 2024, 02:53 AM | 0 min read

കോട്ടയം
കേരളത്തിന്റെ വോളിബോൾ ചരിത്രത്തിലേക്ക്‌ സ്‌മാഷുതൊടുത്ത കുടുംബമാണ്‌ പാലാ മീനച്ചിൽ മുള്ളനാനിക്കൽ കുടുംബം. ഇവർക്ക്‌ വോളിബോൾ രക്തത്തിൽ അലിഞ്ഞ വികാരമാണ്‌. 1940കളിൽ പാലായിലും സമീപപ്രദേശങ്ങളിലും നിറഞ്ഞുനിന്ന എം സി ആന്റണിയിൽ തുടങ്ങിയ വോളിബോൾ വികാരം നാലാംതലമുറയിലും തുടരുന്നു. 70കളിൽ എം എ ജോസഫും, 80 കളിൽ എം എ ആന്റണിയും കളംനിറഞ്ഞാടി വോളിബോൾ ആവേശം ദേശീയ തലത്തിലെത്തിച്ചു. സെറ്ററും അറ്റാക്കറായും ജോസഫ്‌ തിളങ്ങിയപ്പോൾ ആന്റണി 86–--87ലെ ദേശീയ ഗെയിംസിൽ വെള്ളിമെഡൽ ജേതാവായി. 90കളിൽ സിബി സി മുള്ളനാനിയും ജോസ് സെബാസ്റ്റ്യനും താരങ്ങളായി.

സിബി യൂത്ത് സംസ്ഥാന ടീമിലും ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിലുമെത്തി. ജോസ് സെബാസ്റ്റ്യൻ മലപ്പുറത്തിനായി സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചു. 2000മുതൽ 2020വരെ മൂന്നാംതലമുറയിലെ ലിയോ ജോസഫ്, ലോയിഡ് ജോസഫ്, ചിഞ്ചോ ജോർജ്, ടിസ മരിയ ആന്റണി, ടിനു ആന്റണി എന്നിവർ പാരമ്പര്യം കാത്തു. എം എ ജോസഫിന്റെ മക്കളായ ലിയോയും ലോയിഡും കോട്ടയം ജൂനിയർ ടീമംഗങ്ങളായിരുന്നു. എം സി ആന്റണിയുടെ മക്കളാണ്‌ ടിസയും ടിനുവും. ടിസയാണ്‌ കോട്ടയത്തിനായി കുപ്പായമണിഞ്ഞ കുടുംബത്തിലെ ഏക വനിത. ടിനു മിനി മുതൽ ജൂനിയർതലംവരെ സംസ്ഥാന ടീമംഗമായി. തമിഴ്നാട് യൂത്ത് ടീമിലും 2013ൽ കേരള സീനിയർ ടീമിലുമെത്തി. നിലവിൽ പ്രൈം വോളിബോൾ ലീഗിലെ മലയാളം കമൻറ്റേറ്ററാണ്‌.
ആന്റണിയുടെ കൊച്ചുമകൻ ചിഞ്ചോ ജോർജ് മിനിതലത്തിൽ ജില്ലയെ പ്രതിനിധീകരിച്ചു. മുൻ സംസ്ഥാനതാരം സിബിയുടെ മകൻ അലനാണ് വോളിബോൾ കുടുംബത്തിലെ ഇളമുറക്കാരൻ.



deshabhimani section

Related News

View More
0 comments
Sort by

Home