നടിയുടെ പരാതി; രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 26, 2024, 09:17 PM | 0 min read

കൊച്ചി > മോശമായി പെരുമാറി എന്നാരോപിച്ച്‌ പശ്ചിമ ബംഗാൾ നടി നൽകിയ പരാതിയിൽ രഞ്ജിത്തിനെതിരെ കേസെടുത്തു. എറണാകുളം നോർത്ത്‌ പൊലിസാണ്‌ സംവിധായകനെതിരെ കേസെടുത്തത്‌. ഐപിസി 354 പ്രകാരമാണ്‌ കേസ്. രഞ്ജിത്ത്‌ മോശമായി പെരുമാറി എന്നാരോപിച്ചാണ്‌ ശ്രീലേഖ കൊച്ചി സിറ്റി പൊലിസ്‌ കമ്മീഷണർക്ക്‌ പരാതി നൽകിയത്‌.

ജാമ്യമില്ലാ വകുപ്പ്‌ പ്രകാരമെടുത്ത കേസ്‌, ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്‌ തുടർനടപടികൾക്കായി കൈമാറും. അന്വേഷണ സംഘത്തിന്റെ മുമ്പിലെത്തുന്ന ആദ്യ കേസായിരിക്കുമിത്‌.

രഞ്ജിത്ത്‌ തന്നോട്‌ മോശമായി പെരുമാറിയെന്ന കാര്യം മാധ്യമങ്ങളിലൂടെയാണ്‌ നടി പുറത്ത്‌ പറഞ്ഞത്‌. ‘പാലേരി മാണിക്യം’ എന്ന സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോഴായിരുന്നു തനിക്ക്‌ നേരെ മോശം പെരുമാറ്റം ഉണ്ടയതെന്നും നടി പറഞ്ഞു. ഫ്ലാറ്റിൽ വച്ച്‌ രഞ്ജിത്ത്‌ കൈയിലും മുടിയിലും സ്‌പർശിച്ചുവെന്നും കഴുത്തിൽ തൊടാൻ നോക്കിയപ്പോൾ അവിടം വിട്ട്‌ പോയി എന്നുമായിരുന്നു ആരോപണം. ആരോപണത്തെ തുടർന്ന്‌ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത്‌ നിന്ന്‌ രഞ്ജിത്ത്‌ രാജിവയ്‌ക്കുകയായിരുന്നു.

ഇ മെയിൽ വഴിയാണ്‌ നടി പൊലിസിന്‌ പരാതി നൽകിയത്‌. കടവന്ത്രയിലെ ഫ്ലാറ്റിൽ വച്ച് രഞ്ജിത്ത് മോശമായി പെരുമാറിയതായും ഈ വിവരം ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനെ പിറ്റേ ദിവസം തന്നെ അറിയിച്ചിരുന്നുവെന്നും ശ്രീലേഖ പരാതിയിൽ പറയുന്നു. ആദ്യഘട്ടത്തിൽ പൊലീസിൽ പരാതിപ്പെടില്ല എന്നായിരുന്നു ശ്രീലേഖ മിത്രയുടെ നിലപാട്‌.



deshabhimani section

Related News

0 comments
Sort by

Home