"വാതിലിലൊന്നും മുട്ടല്ലേ, ഓരോ കമീഷനൊക്കെ വരുന്ന കാലമാ'; ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പരിഹസിച്ച് കൃഷ്ണകുമാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 23, 2024, 12:08 PM | 0 min read

തിരുവനന്തപുരം > സിനിമ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ അവതരിപ്പിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പരിഹസിച്ച്  ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ. ഭാര്യ സിന്ധുവിന്റെ യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്ത വീഡിയോയിലൂടെയാണ് കൃഷ്ണകുമാറിന്റെ വിവാദ പരാമർശം. മകളുടെ കല്യാണത്തെക്കുറിച്ച് കൃഷ്ണകുമാറും സിന്ധുവും പറഞ്ഞുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു കൃഷ്ണകുമാർ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പരിഹസിച്ചത്.

"നീ ഓരോന്ന് ഒന്നും പറയല്ലേ, ഓരോ കമീഷനൊക്കെ വന്നുകൊണ്ടിരിക്കുന്ന കാലമാ.. ചുമ്മാ കല്യാണമെന്നൊന്നും പറഞ്ഞോണ്ട് ഇരിക്കരുത്. ഞാൻ അവിടെ ഇരിക്കുമ്പോൾ നീ എന്റെ വാതിലിൽ വന്നൊന്നും മുട്ടരുതേ' എന്നായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്. ശേഷം നടനും ഭാര്യയും പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. കാര്യമെന്താണെന്ന് തനിക്ക് മനസിലായില്ല എന്ന് ഒപ്പമിരുന്ന മകൾ പറഞ്ഞപ്പോൾ അധികമൊന്നും അറിയണ്ട, പത്രത്തിൽ വരുന്നത് അധികമൊന്നും അറിയണ്ട, മിനിമം കാര്യങ്ങൾ അറിഞ്ഞിരുന്നാൽ മതി എന്നാണ് കൃഷ്ണകുമാർ ഉപദേശിക്കുന്നത്. സമാനമായ പ്രതികരണം തന്നെയാണ് ഭാര്യ സിന്ധു കൃഷ്ണകുമാറും നടത്തുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ കടുത്ത പ്രതിഷേധമാണ് നടനെതിരെ ഉയർന്നുവരുന്നത്.

സ്ത്രീശാക്തീകരണത്തെക്കുറിച്ചും നാരീശക്തിയെക്കുറിച്ചുമെല്ലാം വാചാലനായതിനു തൊട്ടുപിന്നാലെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കളിയാക്കിക്കൊണ്ട് കൃഷ്ണകുമാർ സംസാരിച്ചത്. സ്ത്രീകൾ സ്വയം ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വാചാലനായതിനു തൊട്ടുപിന്നാലെ കൃഷ്ണകുമാർ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച കമ്മിറ്റി റിപ്പോർട്ടിനെ കളിയാക്കിയത് പരമ ദയനീയമെന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണം. നാല് പെൺമക്കളുടെ അച്ഛനായ കൃഷ്ണകുമാർ ഇങ്ങനെ പറയരുതായിരുന്നുവെന്നും സിനിമ രം​ഗത്ത് പ്രവർത്തിക്കുന്ന പെൺമക്കളുള്ള നടൻ ഇങ്ങനെ പറഞ്ഞത് തീർത്തും അപലപനീയമാണെന്നുമൊക്കെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home