പ്രതിവർഷം അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്‌ 100 കോടി കൂടി അനുവദിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 13, 2024, 06:00 PM | 0 min read

തിരുവനന്തപുരം > കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്‌പ്‌) ക്ക്‌ 100 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷം ഇതുവരെ 469 കോടി രൂപയാണ്‌ പദ്ധതിക്കായി നൽകിയത്‌. ബജറ്റിലെ വകയിരുത്തൽ 679 കോടിയും. രണ്ടാം പിണറായി സർക്കാർ 2900 കോടിയോളം രൂപ കാസ്‌പിനായി ലഭ്യമാക്കി.

കുടുംബത്തിന്‌ പ്രതിവർഷം അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാസ്‌പിൽ ദരിദ്രരും ദുർബലരുമായ 41.99 ലക്ഷം കുടുംബങ്ങൾക്കാണ്‌ സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്‌. സ്‌റ്റേറ്റ്‌ ഹെൽത്ത്‌ ഏജൻസിക്കാണ്‌ നടത്തിപ്പ്‌ ചുമതല. 1050 രൂപ ഒരു കുടുംബത്തിന്റെ വാർഷിക പ്രീമിയമായി നിശ്ചയിച്ചിട്ടുള്ളത്‌. 18.02 ലക്ഷം കുടുംബത്തിന്റെ പ്രീമിയം പൂർണമായും സംസ്ഥാനം വഹിക്കുന്നു. 23.97 ലക്ഷം കുടുംബത്തിന്റെ വാർഷിക പ്രീമിയത്തിൽ 418.80 രൂപയും സംസ്ഥാനം വഹിക്കുന്നു. ഇത്രയും കുടുംബത്തിന്റെ പ്രീമിയത്തിന്റെ ബാക്കി ഭാഗമാണ്‌ കേന്ദ്ര വിഹിതമുള്ളത്‌.  

കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ നോക്കാതെയാണ്‌ പദ്ധതിയിൽ അംഗത്വം നൽകുന്നത്‌. ഒരു കുടുംബത്തിലെ മുഴുവൻ വ്യക്തികൾക്കോ അല്ലെങ്കിൽ ഒരു വ്യക്തിക്കു മാത്രമായോ പദ്ധതിയിലൂടെ സഹായം ലഭിക്കും. ഇതിന്‌ മുൻഗണനാ മാനദണ്ഡങ്ങൾ ഒന്നുമില്ല. അംഗത്വം നേടുന്നതിന്‌ ഒരുവിധ ഫീസും ഈടാക്കുന്നില്ല. സേവനം പൂർണമായും സൗജന്യമാണ്‌.

197 സർക്കാർ ആശുപത്രികളും നാല്‌ കേന്ദ്ര സർക്കാർ ആശുപത്രികളിലും 364 സ്വകാര്യ ആശുപത്രികളിലുമായി കേരളത്തിലുടനീളം നിലവിൽ പദ്ധതിയുടെ സേവനം ലഭ്യമാണ്. സർക്കാർ, സ്വകാര്യ ആശുപത്രി എന്ന പരിഗണനയില്ലാതെ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാപനങ്ങളിൽനിന്നും പണം ഈടാക്കാതെ ചികിത്സ ലഭിക്കും. മരുന്നുകൾ, അനുബന്ധ വസ്തുക്കൾ, പരിശോധനകൾ, ഡോക്ടറുടെ ഫീസ്, ഓപ്പറേഷൻ തീയറ്റർ ചാർജുകൾ, ഐസിയു ചാർജ്, ഇംപ്ലാന്റ് ചാർജുകൾ എന്നിവയും ഇതിൽ ഉൾപ്പെടും.

25 സ്പെഷ്യാലിറ്റികളിലായി 1667 പാക്കേജുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സർക്കാർ വിഭാനം ചെയ്ത 89 പാക്കേജുകളിൽനിന്നും സൗജന്യ ചികിത്സ ലഭ്യമാണ്. പാക്കേജുകളിൽ ഉൾപ്പെടുത്താത്ത ചികിത്സകൾക്കായി അൺസ്‌പെസിഫൈഡ് പാക്കേജുകൾ ഉപയോഗിക്കാം.
ചികിത്സക്ക് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നതിനു മൂന്നുദിവസം മുമ്പുമുതലുള്ള ചികിത്സ സംബന്ധമായ ചെലവും ആശുപത്രിവാസത്തിനുശേഷമുള്ള 15 ദിവസത്തെ ചികിത്സക്കുള്ള മരുന്നുകളും (ഡോക്ടറുടെ നിർദ്ദേശപ്രകാരം) പദ്ധതിയിലൂടെ നൽകുന്നു.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കൾ അല്ലാത്തതും മൂന്നുലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് ഒറ്റത്തവണത്തേക്ക് രണ്ടു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ കാരുണ്യ ബെനവലന്റ്‌ ഫണ്ട്‌ സ്‌കീമുമുണ്ട്‌. കിഡ്‌നി സംബന്ധമായ അസുഖങ്ങൾക്ക് 3 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയും ലഭ്യമാകും. കാസ്‌പ്‌ ചികിത്സ ലഭ്യമാകുന്ന എല്ലാ ആശുപത്രിയിലും കെബിഎഫ്‌ ആനുകൂല്യവും ലഭ്യമാകും.



deshabhimani section

Related News

View More
0 comments
Sort by

Home