തണലൊരുക്കാൻ ഏകമനസോടെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 04, 2024, 02:54 AM | 0 min read

തിരുവനന്തപുരം> മുണ്ടക്കൈ ഉരുൾപൊട്ടലിൽ സകലതും നഷ്‌ടമായവരെ സഹായിക്കാൻ സന്നദ്ധരായി  നിരവധിപേർ. ലോക്‌ സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 100 വീടുകൾ നിർമിച്ചുനൽകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വി ഡി സതീശന്റെ മേൽനോട്ടത്തിലുള്ള 25 വീടും ഇതിൽ ഉൾപ്പെടും.  കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകൾ നിർമിച്ചു നൽകും. ശോഭ റിയാലിറ്റി ഗ്രൂപ്പും കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വ്യവസായികളുടെ കൂട്ടായ്മ ബിസിനസ് ക്ലബും 50 വീട്‌ വീതം നിർമിച്ചു നൽകാമെന്ന് വാഗ്ദാനം നൽകി.

നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) 150 വീടുകൾ നിർമിച്ചു നൽകുകയോ അതിന്റെ തുക സർക്കാരിന്‌ നൽകുന്നതിനോ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്. വേൾഡ് മലയാളി കൗൺസിൽ 14 വീടും കോട്ടക്കൽ ആര്യവൈദ്യശാല 10 വീടും നിർമിച്ച്‌ നൽകും. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ വീടുകൾ വച്ചുനൽകാൻ സന്നദ്ധത അറിയിച്ചു.

കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി. ഫ്രൂട്ട്സ് വാലി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി 10 ഏക്കർ ഭൂമിയേറ്റെടുത്ത് കൃഷിയോഗ്യമാക്കി 10 മുതൽ 15 വരെ കുടുംബങ്ങൾക്ക് നൽകാമെന്നും അറിയിച്ചു. കോഴിക്കോട് കാപ്പാട് സ്വദേശി യൂസുഫ് പുരയിൽ അഞ്ച് സെന്റ്‌ സ്ഥലം ദുരിതബാധിതർക്ക് വീട്  വയ്‌ക്കാനായി വിട്ടുനൽകും.

നിലയ്‌ക്കാതെ 
സഹായപ്രവാഹം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പ്രവാസലോകത്തുനിന്നും ചലച്ചിത്ര മേഖലയിൽനിന്നും ഉണ്ടാകുന്ന സഹായങ്ങൾ എടുത്തുപറയണ്ടതാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ചലചിത്രതാരം നയൻതാരയും ഭർത്താവ്‌ വിഗ്‌നേഷ്‌ ശിവനും 20 ലക്ഷം രൂപ, സിനിമാ നടൻ അലൻസിയർ 50,000 രൂപ എന്നിങ്ങനെ സംഭാവന നൽകി.  ലിൻഡെ സൗത്ത് ഏഷ്യ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപ നൽകാമെന്ന്  സർക്കാരിനെ അറിയിച്ചു.
ലൈബ്രറി കൗൺസിൽ ജീവനക്കാരുടെ രണ്ടു ദിവസത്തെ വേതനവും സംസ്ഥാന, ജില്ല, താലൂക്ക് കൗൺസിൽ ഭാരവാഹികളുടെ ഓണറേറിയവും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സിറ്റിങ്‌ ഫീസും ലൈബ്രേറിയൻമാരുടെ അലവൻസിൽനിന്നുള്ള വിഹിതവും ഗ്രന്ഥശാലകളുടെ ഗ്രാന്റിൽനിന്നുള്ള വിഹിതവും ചേർത്തുള്ള തുകയായ ഒരു കോടി രൂപ സിഎംഡിആർഎഫിലേക്ക്‌ കൈമാറും. കിംസ് ഹോസ്പിറ്റൽ ഒരു കോടി രൂപയും പോത്തീസ് റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡ് -50 ലക്ഷം രൂപയും കൈമാറി.

ടി പത്മനാഭൻ 
5 ലക്ഷം നൽകി

വയനാട്ടിലെ ഉരുൾപൊട്ടലിൽ സർവവും നശിച്ചവർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌  എഴുത്തുകാരൻ ടി പത്മനാഭൻ  അഞ്ച്‌ ലക്ഷം രൂപ  സംഭാവനചെയ്‌തു. കണ്ണൂർ പൊടിക്കുണ്ടിലെ  അദ്ദേഹത്തിന്റെ വീട്ടിലെത്തി കെ വി സുമേഷ്‌ എംഎഎൽഎ ചെക്ക്‌  സ്വീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home