മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായപ്രവാഹം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 02, 2024, 05:05 PM | 0 min read

വയനാട് > ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി നിരവധി സഹായഹസ്തങ്ങൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ മുഖ്യമന്ത്രി നടത്തിയ അഭ്യർഥനയ്‌ക്ക് മികച്ച പ്രതികരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി പലരും തുക നൽകിയിട്ടുണ്ട്. സിനിമ- സാംസ്കാരിക -വ്യവസായമേഖലയിലെ പ്രമുഖരും വിവിധ സർക്കാർ സ്ഥാപനങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നുണ്ട്.

ഇന്ന് തിരുവനന്തപുരം കോർപ്പറേഷൻ രണ്ട് കോടി രൂപയും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷൻ ഒരു കോടി രൂപയും നിധിയിലേക്ക് നൽകിയിരുന്നു. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷനും സംസ്ഥാന ലൈബ്രറി കൗൺസിലും ഒരു കോടി രൂപ വീതം നൽകി. തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ ഒരു മാസത്തെ ഹോണറേറിയം തുകയായ 17, 550 രൂപ നൽകി. സിപിഐ എം സംസ്ഥാന കമ്മിറ്റി 25 ലക്ഷം രൂപയും ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദൻ രണ്ട് കോടി രൂപയും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ 25 ലക്ഷം രൂപയും നൽകി. ചീഫ് സെക്രട്ടറി ഡോ. വി വേണു,  പ്ലാനിംഗ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് എന്നിവർ ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

ലുലു ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ എം എ യൂസഫലി, പ്രമുഖ വ്യവസായി രവി പിള്ള, കല്യാൺ ജ്വല്ലേഴ്സ് ഉടമ കല്ല്യാണ രാമൻ എന്നിവർ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. അദാനി ഗ്രൂപ്പും അഞ്ച് കോടി രൂപ സഹായ വാഗ്ദാനം നൽകിയിട്ടുണ്ട്. കൂടാതെ കെഎസ്എഫ്ഇ അഞ്ചു കോടി രൂപയും കാനറാ ബാങ്ക് ഒരു കോടി രൂപയും കെഎംഎംഎൽ 50 ലക്ഷം രൂപയും വനിതാ വികസന കോർപ്പറേഷൻ 30 ലക്ഷം രൂപയും, ഔഷധി ചെയർ പേഴ്സൺ ശോഭന ജോർജ്ജ് 10 ലക്ഷം രൂപയും നൽകി. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ഒരു കോടി രൂപ നൽകി.

സിനിമാതാരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് തുക സംഭാവന ചെയ്തു. മോഹൻലാലും ചൊവിനോ തോമസും 25 ലക്ഷം രൂപ വീതം നൽകി. ഫഹദ് ഫാസിൽ, നസ്രിയ (25 ലക്ഷം രൂപ), മമ്മൂട്ടി, ദുൽഖർ (35 ലക്ഷം രൂപ), വിക്രം (20 ലക്ഷം രൂപ), രശ്മിക മന്ദാന (10 ലക്ഷം രൂപ), സൂര്യ, ജ്യോതിക, കാർത്തി എന്നിവർ ചേർന്ന് (50 ലക്ഷം രൂപ), കമൽ ഹാസൻ (25 ലക്ഷം രൂപ) ഇങ്ങനെയാണ് തുക നൽകിയത്. മഞ്ജു വാര്യർ ഫൗണ്ടേഷൻ അഞ്ച് ലക്ഷം രൂപയും ചലച്ചിത്രതാരം നവ്യാ നായർ ഒരു ലക്ഷം രൂപയും നൽകി. വിപിഎസ് ഹെൽത്ത് കെയർ അത്യാവശ്യ മരുന്നുൾപ്പെടെ ഒരു കോടി രൂപയുടെ മെഡിക്കൽ അവശ്യവസ്തുകൾ കൈമാറുമെന്ന് ചെയർമാൻ ഷംഷീർ വയലിൽ അറിയിച്ചു.

നേരത്തെ തമി‌ഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അഞ്ച് കോടി രൂപ നൽകിയിരുന്നു. ടിബറ്റിലെ ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവനയായി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാനും തീരുമാനിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച സംഭാവനകൾ

മുൻ എംപിയും എസ്ആർഎം യൂണിവേഴ്സിറ്റി ഫൗണ്ടർ ചാൻസിലറുമായ ഡോ. ടി. ആർ പാരിവേന്ദർ  - ഒരു കോടി രൂപ

ശ്രീ ഉത്രാടം തിരുനാൾ അക്കാദമി ഓഫ് മെഡിക്കൽ സയൻസ് - 50,34,000 രൂപ

അഖിലേന്താ ജനാധിപത്യ മഹിളാ അസോസിയേഷൻ - 35 ലക്ഷം രൂപ

കൊല്ലം മൈലക്കാട് സ്വദേശി രാജിവ് ജോസ് -  അഞ്ച് ലക്ഷം രൂപ

സീനിയർ അഡ്വക്കേറ്റ് കെ കെ വേണുഗോപാൽ - അഞ്ച് ലക്ഷം രൂപ

കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ - മൂന്ന് ലക്ഷം രൂപ

കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ - രണ്ടര ലക്ഷം രൂപ

വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ, സിഐടിയു - ര​ണ്ട് ലക്ഷം രൂപ

മുൻ സ്പീക്കർ വി എം സുധീരൻ ഒരു മാസത്തെ പെൻഷൻ തുക 34,000 രൂപ

പുത്തൻ മഠത്തിൽ രാജൻ ഗുരുക്കൾ - ഒരു ലക്ഷം രൂപ

കണ്ടന്റ് ക്രിയേറ്റീവ്സ് ഓഫ് കേരള ( യൂട്യൂബേഴ്സ് അസോസിയേഷൻ ഇൻ കേരള) - ഒന്നര ലക്ഷം രുപ

ആർച്ച സി അനിൽ, മടവൂർ - ഒരു ലക്ഷം രൂപ

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെൻറ് ബാങ്ക് എംപ്ലോയീസ് യൂണിയൻ (ബെഫി) - 1,41,000 രൂപ

ആൾ കേരള സിപിഒ റാങ്ക് ഹോൾഡേഴ്സ്, കാറ്റഗറി നമ്പർ 537/2022 - 1,32,000 രൂപ

ഐബിഎം സീനിയർ വൈസ് പ്രസിഡൻറ് ദിനേഷ് നിർമ്മൽ- 25 ലക്ഷം രൂപ

സിപിഐഎം തമിഴ്നാട്, ത്രിപുര സംസ്ഥാന കമ്മിറ്റികൾ- 10 ലക്ഷം രൂപ വീതം

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ- 10 ലക്ഷം രൂപ

തിരുനെല്ലി ദേവസ്വം- 5 ലക്ഷം രൂപ

മലപ്പുറം ജില്ലയിലെ വിരമിച്ച അധ്യാപകരുടെ കൂട്ടായ്മയായ ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റി- 5 ലക്ഷം രൂപ

കെ ടി ജലീൽ എംഎൽഎ മകളുടെ കല്യാണ ചെലവിലേക്ക് കരുതിവെച്ച 5 ലക്ഷം രൂപ

തൃശ്ശിലേരി ദേവസ്വം- 2 ലക്ഷം രൂപ

കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ- 2 ലക്ഷം രൂപ

കണ്ണൂർ ജില്ലാ പൊലീസ് സഹകരണസംഘം- 5 ലക്ഷം രൂപ

കോഴിക്കോട് സിറ്റി പൊലീസ് എംപ്ലോയീസ് സഹകരണ സംഘം- 2 ലക്ഷം രൂപ

ഡോക്യൂമെന്ററി സംവിധായകൻ ആനന്ദ് പട് വർദ്ധൻ ഡോക്യൂമെൻററി ഹ്രസ്വചിത്രമേളയിൽ ലഭിച്ച പുരസ്കാര തുക-  2,20,000 രൂപ.



deshabhimani section

Related News

View More
0 comments
Sort by

Home