കണ്ണീരിൽ കുതിർന്ന്‌ ലാൻസ്‌ വില്ല ; മകന്റെ മരണം അറിഞ്ഞത്‌ പള്ളിയിൽവച്ച്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 29, 2024, 02:17 AM | 0 min read


കൊച്ചി
വാരാന്ത്യത്തിൽ മകന്റെ പതിവുവിളി കാത്തിരിക്കുകയായിരുന്ന അമ്മ ലാൻസ്‌ലറ്റിനെ തേടിയെത്തിയത്‌ മരണവാർത്ത. ശനി വൈകിട്ട്‌ വിളിയെത്തിയില്ല. പഠനത്തിരക്കിലാകുമെന്ന്‌ ആശ്വസിച്ചു. ഞായറാഴ്‌ച ആലുവ സിഎസ്‌ഐ പള്ളിയിലെ പ്രാർഥനയിൽ പങ്കെടുക്കുമ്പോൾ മകന്‌ ചെറിയ അപകടം പറ്റിയെന്ന വാർത്തയെത്തി. പിന്നാലെ വിയോഗ വാർത്തയും.

ഡൽഹി രാജേന്ദ്രനഗറിലെ റാവൂസ് ഐഎഎസ് പരിശീലന കേന്ദ്രത്തിൽ ശനി രാത്രി വെള്ളംകയറി ഉണ്ടായ ദുരന്തത്തിലാണ്‌ നെവിൻ മരിച്ചത്‌. തിരുവനന്തപുരം പാറശാല സ്വദേശികളാണ്‌ നെവിന്റെ മാതാപിതാക്കളായ ലാൻസ്‌ലറ്റും ഡാൽവിൻ സുരേഷും. മരണം അറിഞ്ഞ്‌ തളർന്നുവീണ ഇരുവരെയും സുഹൃത്തുക്കൾ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുക്കളെത്തി ആശുപത്രിയിൽനിന്ന്‌ പ്രാഥമിക ശുശ്രൂഷയ്‌ക്കുശേഷം ഇവരെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. പഠനത്തിൽ സമർഥനായിരുന്ന നെവിൻ ബംഗളൂരു ക്രൈസ്‌റ്റ്‌ യൂണിവേഴ്സിറ്റിയിൽനിന്ന്‌ ബിരുദമെടുത്തശേഷം ജെഎൻയുവിൽ എത്തി. നാഷണൽ മ്യൂസിയം ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹിസ്‌റ്ററി ഓഫ്‌ ആർട്ടിൽ കലാചരിത്രത്തിലായിരുന്നു എംഎ. ജെഎൻയുവിൽത്തന്നെ എംഫിൽ പൂർത്തിയാക്കി സ്‌കൂൾ ഓഫ്‌ ആർട്‌സ്‌ ആൻഡ്‌ എയ്‌സ്‌തെറ്റിക്സിൽ വിഷ്വൽ സ്‌റ്റഡീസിൽ പിഎച്ച്‌ഡിക്കുചേർന്നു.

ഇത്‌ മൂന്നാം വർഷമാണ്‌. ഇതിനൊപ്പമാണ്‌ അടുത്തിടെ സിവിൽ സർവീസ്‌ പരിശീലനത്തിന്‌ ചേർന്നത്‌. എട്ട് വർഷമായി ഡൽഹിയിലാണ്‌ താമസം. കഴിഞ്ഞ നവംബറിലാണ്‌ അവസാനമായി വീട്ടിലെത്തിയത്‌.നെവിന്റെ മൃതദേഹം തിങ്കളാഴ്‌ച നാട്ടിലെത്തിക്കും. സംസ്‌ക്കാരം ചൊവ്വാഴ്‌ച.



deshabhimani section

Related News

View More
0 comments
Sort by

Home