രാത്രിയാകട്ടെ പുഴയിൽ തള്ളാം ! മാലിന്യപ്പാളങ്ങൾ ഭാഗം 3

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 27, 2024, 02:13 AM | 0 min read

 

റെയിൽവേ പുറംതള്ളുന്ന മാലിന്യങ്ങളിൽ ഇന്ത്യയുടെ പൊതുചിത്രംകാണാം. ഭക്ഷണാവശിഷ്ടങ്ങൾ, പ്ലാസ്‌റ്റിക്‌ മാലിന്യങ്ങൾ എന്നിവ യാത്ര അവസാനിപ്പിക്കുന്ന സ്‌റ്റേഷനിലാണ്‌ തള്ളുന്നത്‌. ഓൺ ബോഡ്‌ ഹൗസ്‌ കീപ്പിങ്‌ സംവിധാനമാണ്‌ ദീർഘദൂര ട്രെയിനുകളിലുള്ളത്‌. ജമ്മു, ഗുവാഹത്തി തുടങ്ങി കേരളത്തിലേക്ക്‌ വരുന്ന ട്രെയിനുകളിൽ മൂന്നും നാലും ദിവസം താമസിച്ചാണ്‌ യാത്രക്കാർ എത്തുന്നത്‌. ഇവരുടെ ഡിസ്‌പോസിബിൾ പാത്രങ്ങൾ, കുടിവെള്ള കുപ്പികൾ, പ്ലാസ്‌റ്റിക്‌ കവറുകൾ എന്നിവ ശേഖരിച്ച്‌ സംസ്‌കരിക്കുന്ന ഉത്തരവാദിത്തം അതത്‌ ട്രെയിനുകളിൽ കരാർ എടുത്ത ഏജൻസികൾക്കാണ്‌. ഒരു ട്രെയിൻ ഒന്നിച്ച്‌ ഒരു മാസം, അല്ലെങ്കിൽ മൂന്നുമാസം, അല്ലെങ്കിൽ ഒരുവർഷം എന്നിങ്ങനെയാണ്‌ കരാർ . ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയായിരിക്കും ലേലം കൊള്ളുക. അതിനാൽ മാലിന്യ സംസ്‌കരണത്തിന്റെ ചുമതലയും ഏറ്റവും ചുരുങ്ങിയ ചെലവിലാകും നിർവഹിക്കുക. ഇവർ മാലിന്യങ്ങൾ ചാക്കുകളിലാക്കി ഏതെങ്കിലും സ്‌റ്റേഷനുകളിൽ തള്ളും. സ്‌റ്റേഷനിലെ വേസ്‌റ്റ്‌ ബിൻ തുറന്ന്‌ അതിൽ തള്ളി സ്ഥലം വിടുകയാണ്‌ പതിവ്‌.  സ്‌റ്റേഷനിൽനിന്ന്‌ ഇത്‌ സമീപമുള്ള ജലാശയങ്ങളിലേക്ക്‌ തള്ളും.

ഷൊർണൂരിൽ മാലിന്യം സംസ്‌കരിക്കാൻ സംവിധാനമില്ലാതെ ഭാരതപ്പുഴയിൽ തള്ളി.  നഗരസഭ റെയിൽവേയ്‌ക്ക്‌ നോട്ടീസ്‌ നൽകിയതോടെ സമവായത്തിന്‌ വന്നു.
കോട്ടയം റെയിൽവേ സ്‌റ്റേഷനിലെയും ക്വാർട്ടേഴ്‌സുകളിലെയും അനുബന്ധ ഓഫീസുകളിൽനിന്നും പുറന്തള്ളുന്ന മാലിന്യങ്ങൾ മീനച്ചിലാറിലേക്കാണ്‌ ഒഴുകിയെത്തുന്നത്‌. മീനച്ചിലാറിൽ നടത്തിയ പരിശോധനയിൽ വെള്ളത്തിൽ കോളിഫോമിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

കക്കൂസ്‌മാലിന്യം സംസ്‌കരിക്കാൻ ഒറ്റ സീവേജ്‌ പ്ലാന്റ്‌പോലും കേരളത്തിലെവിടെയും ഇല്ല. എറണാകുളം സൗത്ത്‌ സ്‌റ്റേഷനിൽ യാത്ര അവസാനിപ്പിക്കുന്ന ദീർഘദൂര ട്രെയിനുകളിലെ ബയോ കക്കൂസ്‌ മാലിന്യം കാലങ്ങളായി തള്ളികൊണ്ടിരിക്കുന്നത്‌ കൊച്ചി കോർപറേഷന്റെ ഓടയിലേക്കാണ്‌.

പിറ്റ്‌ ലൈനിൽ അണ്ടർഗിയർ ക്ലീനിങ്ങിനായി  എറണാകുളം മാർഷലിങ്‌  യാഡിലേക്ക്‌ വണ്ടി കയറ്റിയശേഷം കക്കൂസ്‌ മാലിന്യം പ്രത്യേക നോൺ ടോക്‌സിക്‌ ടേയ്‌ലറ്റ്‌ ക്ലിനർ ( ബാക്‌ടീരിയ മിശ്രിതം) ചേർത്ത്‌ ദ്രാവകരൂപത്തിലാക്കി പൈപ്പ്‌ ഇട്ട്‌ കാനയിലേക്ക്‌ തള്ളുകയാണ്‌. ഇത്‌ പ്രദേശത്ത്‌ അസഹനീയ ദുർഗന്ധത്തിന്‌ ഇടയാക്കുന്നു.   കക്കൂസ്‌മാലിന്യം ചോർച്ചകൂടാതെ പ്രത്യേക പൈപ്പിങ്‌ സംവിധാനത്തിലൂടെയോ ടാങ്കറിൽ നിറച്ചോ സിവേജ്‌ പ്ലാന്റിൽ എത്തിക്കുകയാണ്‌ വേണ്ടത്‌. 

 

(തുടരും)









 



deshabhimani section

Related News

View More
0 comments
Sort by

Home