നിധിയുണ്ടെന്ന്‌ പറഞ്ഞ്‌ തട്ടിപ്പ്‌ : 
നാലംഗ സംഘം അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 24, 2024, 02:34 AM | 0 min read

ചാലക്കുടി
നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് നാല്‌ ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളികളായ നാലുപേരെ അറസ്റ്റ്‌ ചെയ്‌തു. അസം സ്വദേശികളായ സിറാജുൾ ഇസ്ലാം(26), അബ്ദുൾ കലാം(26), ഗുൽജാർ ഹുസൈൻ(27), മുഹമ്മദ് മുസ്മിൽ ഹഖ്(24) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പിടികൂടിയത്. ഇതിൽ അബ്‌ദുൾ കലാം  പെരുമ്പാവൂരിലെ  ആശുപത്രിയിൽ പൊലീസ്‌ കാവലിൽ ചികിത്സയിലാണ്‌. 

നാദാപുരത്ത്‌ മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററായ സിറാജുൾ ഇസ്ലാമാണ് തട്ടിപ്പിന്റെ സൂത്രധാരൻ. തട്ടിപ്പ്‌ നടത്തിയശേഷം റെയിൽവേ ട്രാക്കിലൂടെ ഓടിയ സംഘത്തിലെ ഒരാളെ ട്രെയിൻ ഇടിച്ചെന്നും മറ്റു മൂന്നുപേർ പുഴയിലേക്ക്‌ വീണെന്നുമായിരുന്നു കരുതിയിരുന്നത്‌. ഇതിനെ തുടർന്ന്‌ ചാലക്കുടി പുഴയിൽ അഗ്നിരക്ഷാസേനയുടെ സ്‌കൂബ ടീം തിരച്ചിൽ നടത്തി. എന്നാൽ തട്ടിപ്പുകാർ വിദഗ്‌ധമായി രക്ഷപ്പെട്ടു. നാലുപേരെ പുലർച്ചെ തന്റെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയെന്നും അതിൽ ഒരാൾക്ക് പരിക്കേറ്റിരുന്നുവെന്നും മുരിങ്ങൂരിലെ ഓട്ടോ ഡ്രൈവറുടെ മൊഴിയാണ്‌ പൊലീസ് അന്വേഷണത്തിന് വഴിതിരിവായത്. ആശുപത്രി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, അസം സ്വദേശി അബ്ദുൾ കലാമിനെ പെരുമ്പാവൂരിലെ ആശുപത്രിയിൽ നിന്ന്‌ കണ്ടെത്തി. ജോലിസ്ഥലത്ത് നിന്നും വീണ് പരിക്കേറ്റെന്ന്‌ പറഞ്ഞാണ്‌ ചികിത്സതേടിയത്‌.  ഇയാളെ തട്ടിപ്പിനിരയായവർ തിരിച്ചറിഞ്ഞു. പെരുമ്പാവൂരിൽ  ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ നടത്തിയ തെരച്ചിലിൽ, നാട്ടിലേക്ക് മുങ്ങാൻ തയ്യാറെടുക്കുകയായിരുന്ന മൂന്നു പേരെ പൊലീസ്‌ പിടികൂടി.

നാദാപുരത്തെ ഒരു കെട്ടിടം പൊളിക്കുന്നതിനിടെ തനിക്ക് നിധി ലഭിച്ചെന്നും ഏഴ് ലക്ഷം രൂപ തന്നാൽ നിധിയായി ലഭിച്ച സ്വർണശേഖരം നൽകാമെന്നും സിറാജുൾ നാദാപുരത്തെ പരിചയക്കാരായ ചിലരെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. വൻ ലാഭം കൊതിച്ച്‌ നാദാപുരം സ്വദേശികളായ രാജേഷ്, ലെനിൻ എന്നിവർ  സിറാജുൽനൊപ്പം കാറിൽ ആദ്യം തൃശൂരിലും തുടർന്ന്‌ ചാലക്കുടി റെയിൽവേ സ്റ്റേഷനിലുമെത്തി. മുൻകൂറായി നാലുലക്ഷം നൽകാമെന്നും സ്വർണം വിറ്റശേഷം ബാക്കി കൈമാറാമെന്നും ധാരണയായി. പണം കൈപ്പറ്റി സ്വർണമാണെന്ന് പറഞ്ഞ്‌ പൊതി കൈമാറി. പൊതിയഴിച്ച് കട്ടറുപയോഗിച്ച് ലോഹം മുറിച്ചതോടെ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞു. ഇതിനിടെയാണ്‌ പണവുമായി അസം സ്വദേശികൾ രക്ഷപ്പെട്ടത്‌.
 



deshabhimani section

Related News

View More
0 comments
Sort by

Home