നിപാ ഉറവിടം: കുട്ടി അമ്പഴങ്ങ കഴിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 23, 2024, 07:58 AM | 0 min read

മലപ്പുറം> പാണ്ടിക്കാട്ടെ നിപാ ഉറവിടം അമ്പഴങ്ങ തന്നെയെന്ന്‌ പ്രാഥമിക വിലയിരുത്തൽ. നിപാ ബാധിച്ച്‌ മരിച്ച കുട്ടി പ്രദേശത്തെ ജലാശയത്തിൽ കുളിക്കാൻ പോയതായും ഇവിടുത്തെ മരത്തിൽനിന്ന് അമ്പഴങ്ങ പറിച്ച് കഴിച്ചതായും സുഹൃത്തുക്കൾ വിവരം നൽകി.

മരിച്ച കുട്ടിമാത്രമാണ് അമ്പഴങ്ങ കഴിച്ചത്. ആരോഗ്യപ്രവർത്തകർ കുട്ടിയുടെ ബന്ധുക്കളിൽനിന്നും വിവരം ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അമ്പഴങ്ങ ലഭിച്ച സ്ഥലവും അധികൃതർ പരിശോധിച്ചു. ഇവിടെ വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാലയളവിൽ വിദ്യാർഥി മറ്റ് ജില്ലകളിൽ പോയിട്ടില്ലെന്നും കൂടുതൽ തെളിവുകൾകൂടി പരിശോധിച്ചശേഷം ഉറവിടം സ്ഥിരീകരിക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

ബാറ്റ് സർവൈലൻസ് ടീം എത്തി


പാണ്ടിക്കാട് മേഖലയിൽ നിപാ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ  പുണെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള (എൻഐവി) പ്രത്യേക സംഘമെത്തി. ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള ബാറ്റ് സർവൈലൻസ് (വവ്വാൽ നിരീക്ഷണം) ടീമാണ് മലപ്പുറത്തെത്തിയത്.

നിപാ ബാധിച്ച് മരിച്ച വിദ്യാർഥിക്ക് വൈറസ് ബാധയേൽക്കാനിടയായ സാഹചര്യം സംഘം പരിശോധിക്കും. പ്രദേശത്തെ വവ്വാലുകളിൽ പഠനം (പാർഷ്യൽ ജെനോമിക് സീക്വൻസിങ്) നടത്തും. ഇതിനായി മേഖലയിൽ നിരീക്ഷണ കാമറ സ്ഥാപിക്കും. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) സംഘവും തിങ്കളാഴ്ച ജില്ലയിലെത്തി.

മൃഗങ്ങളുടെ സാമ്പിൾ 
ശേഖരിച്ചു

പാണ്ടിക്കാട്‌ ചെമ്പ്രശേരിയിൽ നിപാ ബാധിച്ച്‌ മരിച്ച കുട്ടിയുടെ വീടിന്‌ ഒരുകിലോമീറ്റർ ചുറ്റളവിലെ വളർത്തുമൃഗങ്ങളുടെ കണക്കുകൾ ജില്ലാ മൃഗസംരക്ഷണ വകുപ്പ്‌ ശേഖരിച്ചു. 1200 കോഴി, 82 പശു, 98 ആട്‌, 11 പോത്ത്‌, 20 പൂച്ച, അഞ്ച്‌ പട്ടി എന്നിങ്ങനെയാണ്‌ മൃഗങ്ങളുള്ളത്‌. മരിച്ച കുട്ടിയുടെ നാല്‌ കാടകളുമുണ്ട്‌. കണ്ടെത്തിയ മൃഗങ്ങളുടെ പത്ത്‌ ശതമാനത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു.

10 പശു, 14 ആട്‌, ഓരോന്നുവീതം പട്ടി, പൂച്ച, പോത്ത്‌ എന്നിവയുടെ സാമ്പിളാണ്‌ എടുത്തത്‌. ഇവ ചൊവ്വാഴ്‌ച ഭോപ്പാലിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിലേക്ക്‌ (ഐസിഎആർ) അയക്കും.

ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. വി ബിന്ദു, ചീഫ്‌ വെറ്ററിനറി ഓഫീസർ ഡോ. കെ ഷാജി, ജില്ലാ എപ്പിഡമോളജിസ്‌റ്റ്‌ ഡോ. വി എസ്‌ സുശാന്ത്‌, ജില്ലാ ലാബ്‌ ഓഫീസർ ഡോ. അബ്ദുൾ നാസർ, പാണ്ടിക്കാട്‌ വെറ്ററിനറി ഓഫീസർ ഡോ. നൗഷാദ് അലി എന്നിവർ സംഘത്തിലുണ്ടായി.

മഞ്ചേരിയിൽ മൊബൈൽ ലാബ്‌ ഇന്നുമുതൽ


നിപാ പരിശോധനയ്‌ക്ക്‌ മൊബൈൽ ലാബ്‌ സജ്ജീകരിക്കാൻ പുണെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽനിന്നുള്ള വിദഗ്‌ധർ മഞ്ചേരി മെഡിക്കൽ കോളേജിലെത്തി. മൊബൈൽ ലാബ്‌ ഒരുക്കാനുള്ള സൗകര്യം സംഘം വിലയിരുത്തി. ലാബ്‌ ചൊവ്വാഴ്‌ച പ്രവർത്തനം തുടങ്ങും.  ഇതോടെ പുണെയിലെ സ്രവ പരിശോധന ഇവിടെതന്നെ നടത്താനും ഫലം വേഗം ലഭ്യമാക്കാനുമാകും.മഞ്ചേരി മെഡിക്കൽ കോളേജിൽ നിർമാണത്തിലിരിക്കുന്ന വൈറോളജി ലാബിലെ സംവിധാനങ്ങൾ മികച്ചതാണെന്ന് സംഘം വിലയിരുത്തി.

കോവിഡ് കാലത്ത് ഒരുക്കിയ പിസിആർ ലാബിനോടുചേർന്നാണ് വൈറോളജി ലാബ് ഒരുക്കുന്നത്. ലാബിന്‌ 1.96 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home