സ്‌മാർട്ട്‌ മെഷീൻ എത്തി 
മാലിന്യം പണമാകും ; പുനരുപയോഗിക്കാനാകാത്ത മാലിന്യം ഇനി "കൽക്കരി'യാകും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 18, 2024, 12:19 AM | 0 min read


തിരുവനന്തപുരം
പുനരുപയോഗിക്കാനാകാത്ത മാലിന്യം ഇനി തലവേദനയാകില്ല. ഇവ സംസ്‌കരിച്ച്‌ ‘ബ്രിക്കറ്റ്‌’ ആക്കി കൽക്കരിക്ക്‌ പകരം ഉപയോഗിക്കും. നഗരത്തിലെ വേർതിരിക്കാനാകാത്ത മാലിന്യവും ഡയപ്പർ, പ്ലാസ്റ്റിക്‌, റെക്‌സിൻ, തെർമോക്കോൾ തുടങ്ങിയവയും ഹരിതകർമസേന ശേഖരിക്കുന്നവയിൽ റീസൈക്കിൾ ചെയ്യാനാകാത്തവയും ‘സ്‌മാർട്ട്‌ മെഷീൻ’ സംസ്‌കരിച്ച്‌ ഇന്ധനമാക്കും. നിലവിൽ ഹരിതകർമ്മസേന ശേഖരിക്കുന്ന പുനരുപയോഗിക്കാനാകാത്ത അജൈവവസ്‌തുക്കൾ കേരളത്തിന്‌ പുറത്തുള്ള സിമന്റ്‌ കമ്പനികൾക്ക്‌ അങ്ങോട്ട്‌ പണം നൽകിയാണ്‌  ഒഴിവാക്കുകയാണ്‌. സ്‌മാർട്ട്‌ മെഷീൻ വന്നതോടെ പുനരുപയോഗിക്കാനാകാത്ത മാലിന്യവും പണമായി മാറും.

തിരുവനന്തപുരത്തെയും കൊച്ചിയിലെയും സ്‌മാർട്ട്‌ സിറ്റി നേതൃത്വത്തിൽ ഹാബിറ്റാറ്റ്‌ ഫോർ ഓൾ എന്ന സംഘടനയുടെ സഹകരണത്തോടെയാണ്‌ നൂതന പദ്ധതി നടപ്പാക്കുന്നത്‌. ഇന്നോ ആസ്ബിൽഡിങ് കമ്പനിയുടെ നാല്‌ സ്‌മാർട്ട്‌ മെഷീനുകൾ ഇതിനായി എത്തിച്ചു. തിരുവനന്തപുരം കോർപറേഷനിൽ ചാല, ചെന്തിട്ട എന്നിവടങ്ങളിലും കൊച്ചി കോർപറേഷനിൽ ഫോർട്ട്‌ കൊച്ചി, പടിയത്ത്‌ എന്നിവടങ്ങളിലുമാകും മെഷീൻ സ്ഥാപിക്കുക. 24 ചതുരശ്ര അടി സ്ഥലത്ത്‌ സ്ഥാപിക്കാവുന്ന മെഷീനാണ്‌ ഇത്‌. ഒരു കോടിയാണ്‌ ചെലവ്‌. തിരുവനന്തപുരത്ത്‌ തിങ്കളാഴ്‌ചയും കൊച്ചിയിൽ ചൊവ്വാഴ്‌ചയും മെഷീൻ എത്തിച്ചു. പത്തു ദിവസത്തിനുള്ളിൽ പ്രവർത്തന സജ്ജമാകും.

കഴിയുന്നത്ര വേഗത്തിൽ സ്‌മാർട്ട്‌ മെഷീനുകൾ പ്രവർത്തനം ആരംഭിക്കണമെന്ന്‌ മന്ത്രി എം ബി രാജേഷ്‌ നിർദ്ദേശം നൽകിയിരുന്നു. ഒരു മെഷീനിൽ പ്രതിദിനം ഒരു ടൺ മാലിന്യം സംസ്‌കരിക്കാനാകുമെന്ന്‌ സർക്കുലർ എക്കണോമി പോളിസി കൺസൽറ്റന്റ്‌ ജി രേഷ്‌മ പറഞ്ഞു.  നടത്തിപ്പ്‌ ചുമതല  അഞ്ചു വർഷം ഹാബിറ്റാറ്റ്‌ ഫോർ ഓൾ  നിർവഹിക്കും. തുടർന്ന്‌ സർക്കാർ ഏറ്റെടുക്കും. ഉത്‌പാദിപ്പിക്കുന്ന ബ്രിക്കറ്റ്‌ ആവശ്യക്കാരായ കമ്പനികൾക്ക്‌ വിൽക്കും.



deshabhimani section

Related News

View More
0 comments
Sort by

Home