പത്മരാജൻ സാഹിത്യപുരസ്‌കാരം എം മുകുന്ദനും വി ജെ ജെയിംസിനും; ചലച്ചിത്ര പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിക്കും ശ്രുതി ശരണ്യത്തിനും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 22, 2023, 12:42 PM | 0 min read

തിരുവനന്തപുരം > 2022ലെ പി പത്മരാജൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. നോവൽ, കഥ എന്നിവയ്‌ക്കുള്ള സാഹിത്യപുരസ്കാരവും തിരക്കഥ സംവിധാനം എന്നിവയ്‌ക്കുള്ള ചലച്ചിത്ര പുരസ്‌കാരങ്ങളുമാണ് പ്രഖ്യാപിച്ചത്.

എം മുകുന്ദനാണ് മികച്ച നോവലിസ്റ്റിനുള്ള പുരസ്‌കാരം. നിങ്ങൾ എന്ന നോവലാണ് പുരസ്‌കാരത്തിന് അർഹമായത്. 20,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. വെള്ളിക്കാശ് എന്ന ചെറുകഥയിലൂടെ വി ജെ ജെയിംസ് മികച്ച കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടു. 15,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് ലഭിക്കുക.

ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകൻ. നൻപകൽ നേരത്തു മയക്കം എന്ന ചിത്രമാണ് ലിജോയെ പുരസ്കാരത്തിന് അർഹനാക്കിയത്. ബി 32 മുതൽ 44 വരെ ‘ എന്ന ചിത്രത്തിന്റെ രചയിതാവ് ശ്രുതി ശരണ്യമാണ് മികച്ച തിരക്കഥാകൃത്ത്. ലിജോയ്‌ക്ക് 25000 രൂപയും, ശ്രുതിക്ക് 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും.

സാറാ ജോസഫ് അധ്യക്ഷയും മനോജ് കുറൂർ, പ്രദീപ് പനങ്ങാട് എന്നിവർ അംഗങ്ങളുമായുള്ള ജൂറിയാണ് സാഹിത്യപുരസ്‌കാരങ്ങൾ തെരഞ്ഞെടുത്തത്. ശ്രീകുമാരൻ തമ്പിയുടെ അധ്യക്ഷതയിൽ വിജയകൃഷ്ണനും ദീപിക സുശീലനുമടങ്ങുന്ന സമിതിയാണ് ചലച്ചിത്രപുരസ്‌കാരങ്ങൾ നിർണയിച്ചത്.

പുരസ്‌കാരങ്ങൾ ഓഗസ്റ്റിൽ വിതരണം ചെയ്യുമെന്ന് പത്മരാജൻ ട്രസ്റ്റ് ചെയർമാൻ വിജയകൃഷ്‌ണൻ, ജനറൽ സെക്രട്ടറി പ്രദീപ് പനങ്ങാട്, സെക്രട്ടറി എ ചന്ദ്രശേഖർ എന്നിവർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home