നിലമ്പൂർ വികസന കുതിപ്പിൽ: പി ശ്രീരാമകൃഷ്ണൻ

എടക്കര
പശ്ചാത്തല മേഖലയിൽ നിലമ്പൂർ വികസന കുതിപ്പിലാണെന്ന‌് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. കരിമ്പുഴയ്ക്ക് കുറുകെ നിർമിക്കുന്ന ഏനാന്തി പാലത്തിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനംചെയ‌്ത‌് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് ഭരണം കാലാവധി പൂർത്തിയാക്കുന്നതോടെ 1000 കോടി രൂപയുടെ പശ്ചാത്തല വികസന ക്ലബ്ബിൽ വരുന്ന ചുരുക്കം ചില മണ്ഡലങ്ങളിലൊന്നാകും നിലമ്പൂർ. 2016-–-17, 17–--18 വർഷങ്ങളിൽ 601 കോടിയുടെ വികസന പദ്ധതികൾ തുടങ്ങിയതിന്റെ പ്രവർത്തനം അന്തിമഘട്ടത്തിലാണ്. 2018–-19 പദ്ധതി വർഷത്തിലേക്ക് 300 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക‌് പ്രാരംഭ നടപടികളായി. 2019-–-20 പദ്ധതികളുടെ രൂപരേഖ വെളിച്ചംകാണുന്നതോടെ വികസന പ്രക്രിയയിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ച സംസ്ഥാനത്തെ മണ്ഡലമെന്ന ഖ്യാതി നിലമ്പൂരിന് സ്വന്തമാകും. പി വി അൻവർ എംഎൽഎയുടെ ഇടപെടലുകൾ നിലമ്പൂരിന്റെ വികസന കുതിപ്പിന് കരുത്തേകി. മുൻകാലങ്ങളിൽ പലതിന്റെയും പേരിൽ തഴയപ്പെട്ട മണ്ഡലമാണ് നിലമ്പൂർ. തീരദേശ പാതയും മലയോര ഹൈവേയും ജലഗതാഗതവും കേരളത്തിന്റെ വികസന ചരിത്രത്തിൽ നാഴികക്കല്ലാവുമെന്നും കക്ഷിരാഷ്ട്രീയത്തിന്റെ അതിരുകളെ മറികടക്കുന്നതാവണം യഥാർഥ വികസനമെന്നും പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.









0 comments