ഇനിയെങ്കിലും സ്വന്തം കെട്ടിടം ഉണ്ടാക്കുമോ

മലപ്പുറം
ഗവ. വനിതാ കോളേജ‌് പ്രവർത്തിക്കുന്ന മുണ്ടുപറമ്പിലെ കെട്ടിടത്തിന് ഒരുവർഷത്തേക്ക‌് കോളേജ‌് വിദ്യാഭ്യാസ ഡയറക്ടറേറ്റ‌് വാടക നൽകും. കോളേജ‌് വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീൽ ചേംബറിൽ വിളിച്ച യോഗത്തിലാണ് നിർണായക തീരുമാനം. ഒരുവർഷത്തിനുള്ളിൽ ഇൻകെൽ എഡ്യുസിറ്റിയിൽ കോളേജിനായി നിർദേശിച്ച അഞ്ച് ഏക്കറിൽ കെട്ടിടം പണി പൂർത്തിയാക്കണമെന്ന‌് മന്ത്രി എംഎൽഎയോട് നിർദേശിച്ചു. ഇതിനായി എംഎൽഎ ഫണ്ടിൽനിന്ന‌് മൂന്നുകോടി രൂപ ഉപയോഗിക്കാം. കോളേജ‌് സ‌്പെഷൽ ഓഫീസർ ഡോ. ഗീത നമ്പ്യാരുടെ അഭ്യർഥനയെ തുടർന്നാണ് മന്ത്രി കെ ടി ജലീൽ യോഗം വിളിച്ചത‌്. മന്ത്രിയെക്കൂടാതെ കോളേജ‌് വിദ്യാഭ്യാസ ഡയറക്ടറും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും പി ഉബൈദുള്ള എംഎൽഎയും നഗരസഭാ ചെയർപേഴ‌്ൺ സി എച്ച് ജമീലയും കോളേജിനെ പ്രതിനിധീകരിച്ച് പ്രിൻസിപ്പൽ ടി സുഭാഷ്, യൂണിയൻ പ്രതിനിധി കെ ടി അനില, പിടിഎ പ്രതിനിധി അബ്ദുൾ അസീസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
കോളേജ‌് കെട്ടിടത്തിന്റെ വാടകക്കാര്യം മന്ത്രി ഇടപെട്ട‌് പരിഹരിച്ചതോടെ വിദ്യാർഥികളുടെ ആശങ്ക നീങ്ങുകയാണ‌്. കോളേജ‌് നിലവിൽ പ്രവർത്തിക്കുന്ന താൽക്കാലിക കെട്ടിടത്തിന്റെ കരാർ കാലാവധി തീരുന്ന നവംബറിനുശേഷം വാടക നൽകില്ലെന്ന നഗരസഭയുടെ നിലപാടും കോളേജിനായി സ്ഥലം ഏറ്റെടുക്കുന്നതിന‌് നഗരസഭയുടെയും പ്രദേശത്തെ ജനപ്രതിനിധിയുടെയും ഭാഗത്തുനിന്ന‌് കാര്യമായ ഇടപെടലുണ്ടാകാത്തതും ഏവരെയും ആശങ്കയിലാഴ‌്ത്തിയിരുന്നു. വാടകക്കരാർ പുതുക്കാത്തതിനുപിന്നിൽ സങ്കുചിത കക്ഷിരാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന ആക്ഷേപവും ഉയർന്നു.
എൽഡിഎഫ‌് സർക്കാർ കഴിഞ്ഞവർഷം കിഫ‌്ബിയിൽനിന്ന‌് 10 കോടി രൂപ അനുവദിച്ച കോളേജ‌് കെട്ടിടത്തിന്റെ മാസ്റ്റർ പ്ലാൻ ഇതിനകം കിറ്റ‌്കോ തയ്യാറാക്കിയിട്ടുണ്ട‌്. മതിയായ അടിസ്ഥാനസൗകര്യമില്ലാതെ മുൻ യുഡിഎഫ‌് സർക്കാരിന്റെ അവസാനകാലത്ത‌് പ്രഖ്യാപിച്ച കോളേജ‌് നിലനിർത്താൻ അഞ്ച‌് അധ്യാപകരുടെയും പ്രിൻസിപ്പലിന്റെയും തസ‌്തികയും സൃഷ്ടിച്ചു. വ്യവസായവകുപ്പിന‌് കീഴിൽ പാണക്കാട്ടുള്ള കെഎസ‌്ഐഡിസിയുടെ അഞ്ചേക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടിയും ആരംഭിച്ചു. എന്നാൽ, സ്വന്തം കെട്ടിടം നിർമിക്കാൻ നഗരസഭയുടെയും എംഎൽഎയുടെയും ഭാഗത്തുനിന്ന‌് ഇടപെടലുണ്ടാകുന്നില്ല. അക്കാദമിക–-അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ കോളേജിന്റെ അംഗീകാരംപോലും പ്രതിസന്ധിയിലായ ഘട്ടത്തിൽ എൽഡിഎഫ‌് സർക്കാരാണ‌് സഹായത്തിനെത്തിയതും പുതിയ കെട്ടിടത്തിന‌് പണം അനുവദിച്ചതും. വാടകപ്രശ‌്നം ഉയർത്തി നഗരസഭ കുരുക്കിട്ടപ്പോഴും സർക്കാർതന്നെ പരിഹാരവുമായി എത്തുകയായിരുന്നു. നഗരസഭ കൈയൊഴിഞ്ഞാൽ കെട്ടിട വാടക ലഭ്യമാക്കാൻ ഇടപെടണമെന്ന‌് അഭ്യർഥിച്ച‌് സ‌്പെഷൽ ഓഫീസർ സർക്കാരിന‌് കത്ത‌് നൽകിയിരുന്നു. പുതിയ കെട്ടിടമാകുന്നതുവരെ താൽക്കാലിക കെട്ടിടത്തിന‌് നഗരസഭ വാടക നൽകണമെന്ന വിദ്യാർഥികളുടെ ആവശ്യം ലീഗ‌് ഭരിക്കുന്ന നഗരസഭ ചെവിക്കൊണ്ടില്ല.







0 comments