ദേശാഭിമാനി പ്രചാരണം: മുന്നൊരുക്കം സജീവം

മലപ്പുറം
ജില്ലയിൽ ദേശാഭിമാനിക്ക് ലക്ഷം വരിക്കാരെ കണ്ടത്താനുള്ള പ്രചാരണത്തിന് മുന്നോടിയായ ആലോചനാ യോഗങ്ങളും തയ്യാറെടുപ്പുകളും ആരംഭിച്ചു. രാഷ്ട്രീയ എതിരാളികൾ കൊലക്കത്തിക്കിരയാക്കിയ സമുന്നത നേതാവും ദേശാഭിമാനി പ്രചാരകനുമായ അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വദിനമായ 23 മുതൽ, സിപിഐ എമ്മിന്റെ ആദ്യ സംസ്ഥാന സെക്രട്ടറിയും ദേശാഭിമാനി സംഘാടകനുമായ സി എച്ച് കണാരന്റെ സ്മൃതിദിനമായ ഒക്‌ടോബർ 20 വരെയാണ് ജില്ലയിൽ പുതിയ വരിക്കാരെ ചേർക്കുക.
പ്രചാരണ പ്രവർത്തനം ഊർജിതമാക്കാൻ സിപിഐ എം ഏരിയാ കമ്മിറ്റി യോഗങ്ങൾ ചേരുകയാണ്. 17ന് ഏരിയാ കമ്മിറ്റി യോഗങ്ങൾ പൂർത്തിയാകും. 18ന് രണ്ട് കേന്ദ്രങ്ങളിൽ ലോക്കൽ സെക്രട്ടറിമാരുടെ മേഖലാ യോഗങ്ങൾ ചേരും. രാവിലെ പത്തരക്ക് തിരൂരിൽ ചേരുന്ന യോഗത്തിൽ പൊന്നാനി, എടപ്പാൾ, താനൂർ, തിരൂർ, തിരൂരങ്ങാടി, കോട്ടക്കൽ, വളാഞ്ചേരി എരിയകളിലെ ലോക്കൽ സെക്രട്ടറിമാർ പങ്കെടുക്കണം. മറ്റ് ഏരിയകളിലെ ലോക്കൽ സെക്രട്ടറിമാർ പകൽ രണ്ടരക്ക് മലപ്പുറത്താരംഭിക്കുന്ന യോഗത്തിലാണ് പങ്കെടുക്കേണ്ടത്.
25നകം ലോക്കൽ അടിസ്ഥാനത്തിൽ പാർടി അംഗങ്ങളുടെ ജനറൽ ബോഡി യോഗങ്ങൾ പൂർത്തിയാക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് പറഞ്ഞു. ഈ യോഗങ്ങളിൽ ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുക്കും. 20നകം ലോക്കൽ കമ്മിറ്റികളും ഒക്‌ടോബർ അഞ്ചിനകം ബ്രാഞ്ചുകളും ചേരും. ബ്രാഞ്ചുകളിൽ ബോർഡുകൾ, സ്റ്റിക്കർ, പോസ്റ്റർ എന്നിവ സ്ഥാപിക്കും. ഒക്‌ടോബർ ഒന്നുമുതൽ അഞ്ചുവരെ 16 ഏരിയാ കേന്ദ്രങ്ങളിലും സാംസ്‌കാരിക നായകരെയും കലാകാരന്മാരെയും പങ്കെടുപ്പിച്ച് കൂട്ടായ്മകൾ. അഞ്ചുമുതൽ 15 വരെ പാർടിയുടെ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ല, ഏരിയ, ലോക്കൽകമ്മിറ്റി അംഗങ്ങളും ജനപ്രതിനിധികളുമടക്കം എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും സന്ദർശിച്ച‌് വരിക്കാരെ ചേർക്കും. ഒക്‌ടോബർ 20ന് ഏരിയാ കേന്ദ്രങ്ങളിൽ വാർഷിക വരിസംഖ്യയും വരിക്കാരുടെ പട്ടികയും ഏറ്റുവാങ്ങും. ദേശാഭിമാനിയുടെ പ്രചാരണ പരിപാടി വിജയിപ്പിക്കാൻ ജില്ലയിലെ മുഴുവൻ പാർടിഘടകങ്ങളും പ്രവർത്തകരും അനുഭാവികളും സ്‌നേഹിതരും രംഗത്തിറങ്ങണമെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.









0 comments