വയറെരിയേണ്ട; നിറച്ചുണ്ണാന്‍ ‘നിറവ‌് ’

സ്വന്തം ലേഖകൻ
നിലമ്പൂർ
പണമില്ലാത്തതിന്റെ പേരിൽ നിലമ്പൂരിൽ ആരും ഇനി ഉച്ചഭക്ഷണം വേണ്ടന്നുവയ്ക്കേണ്ട. കാരുണ്യത്തിന്റെ ‘നിറവി'ൽ ഇനി വിശപ്പടക്കാം.
മലങ്കര കത്തോലിക്കാ സഭയുടെ എടക്കര വൈദിക ജില്ലയാണ് കാരുണ്യപദ്ധതി ആവിഷ്‌കരിച്ചത്. ഭക്ഷണം വാങ്ങാൻ നിവൃത്തിയില്ലാത്തവർക്കും പേഴ്‌സും പണവും പോക്കറ്റടിച്ചോ മറ്റോ നഷ്ടപ്പെട്ടവർക്കും ‘നിറവി’ന്റെ പ്രയോജനം ലഭിക്കും. കർദിനാൾ ബസേലിയോസ് മാർ ക്ലിമ്മീസ് കാതോലിക്ക ബാവയുടെ ഷഷ്ടിപൂർത്തിയോടനുബന്ധിച്ചാണ് പദ്ധതി ആരംഭിച്ചത്.
ആദ്യഘട്ടമായി നാല് ഹോട്ടലുകളെ തെരഞ്ഞെടുത്തിട്ടുണ്ട്. അർഹതയുള്ളവർക്ക് ഉച്ചഭക്ഷണത്തിനുള്ള കൂപ്പൺ വിവിധ കേന്ദ്രങ്ങളിൽനിന്ന് ലഭ്യമാക്കും. ചന്തക്കുന്നിലെ ആലിക്കാസ് ഹോട്ടലിൽ ഭക്ഷണം കഴിക്കാനുള്ള കൂപ്പൺ സമീപത്തെ സ്റ്റുഡിയോയിൽനിന്ന് നൽകും. ഇവിടെ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. ചുങ്കത്തറയിൽ പഞ്ചായത്ത് ഓഫീസിനടുത്ത ഫാമിലി റസ്‌റ്റോറന്റിൽ ഭക്ഷണം കഴിക്കാം.
ടൗണിലെ മെഡിക്കൽ ഷോപ്പിൽ കൂപ്പൺ കിട്ടും. എടക്കര മത്സ്യ മാർക്കറ്റിനടുത്ത് ഗ്രീൻ ലീഫ് ഹോട്ടലിലേക്കുള്ള കൂപ്പൺ സമീപത്ത് ഏൽപിച്ചിട്ടുണ്ട്. വഴിക്കടവ് പഞ്ചായത്ത് അങ്ങാടിയിൽ മാമാസ് ഹോട്ടലിലേക്കുള്ള കൂപ്പണും അടുത്ത കടയിൽ ലഭിക്കും.
പ്രളയകാലത്ത് ഉപകാരപ്പെടാൻ കഴിഞ്ഞ 15നാണ് പദ്ധതി തുടങ്ങിയത്. പി വി അൻവർ എംഎൽഎയായിരുന്നു ഉദ്ഘാടനം. കൂടുതൽ പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് നിറവിന്റെ ചെയർമാനായ വൈദിക ജില്ലാ പ്രോട്ടോ വികാരി ഫാ. റോയി വലിയപറമ്പിലും കോ﹣ഓർഡിനേറ്റർ വി പി മത്തായിയും അറിയിച്ചു.
ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ് മെത്രാപൊലീത്തയാണ് രക്ഷാധികാരി. കാരുണ്യമതികളുടെ സഹായം സ്വീകരിച്ചാണ് നടത്തിപ്പ്. വ്യാപാരി സമൂഹത്തിന്റെ സഹായവുംതേടിയിട്ടുണ്ട്.









0 comments