പതിനാറുകാരിക്ക‌് പീഡനം: മദ്രസാ അധ്യാപകൻ അറസ‌്റ്റിൽ

പരപ്പനങ്ങാടി
പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽപോയ മദ്രസാ അധ്യാപകനെ പൊലീസ് അറസ്‌റ്റ് ചെയ്തു. പരപ്പനങ്ങാടി ചിറമംഗലം സ്വദേശി അബ്ദുൾ അസീസ് അസ‌്ഹനിയെ (43)യാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ നേരത്തെ അറസ്റ്റിലായ പെൺകുട്ടിയുടെ ഉപ്പയെ കോടതി നേരത്തെ റിമാന്‍ഡ് ചെയ‌്തിരുന്നു.
സംഭവത്തെപറ്റി പൊലീസ് പറയുന്നതിങ്ങനെ പെൺകുട്ടിയെ അഞ്ചാം ക്ലാസുമുതൽ ഉപ്പ പീഡിപ്പിച്ചിരുന്നു. ഈ കാര്യം പെൺകുട്ടി തന്റെ ഡയറിയിൽ എഴുതിവച്ചിരുന്നു. ഈ ഡയറിക്കുറിപ്പ് ഒരുദിവസം മദ്രസാ അധ്യാപകനായ അസീസ് കാണുകയും പിന്നീട് ഇക്കാര്യം പറഞ്ഞ് അധ്യാപകൻ കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. ഇത് സഹിക്കാൻ കഴിയാതെവന്നതോടെ കുട്ടി തന്നെ പഠിപ്പിക്കുന്ന സ്‌കൂളിലെ അധ്യാപകരോട് വിവരം പറയുകയായിരുന്നു. സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും തുടർന്ന് ഇവർ നൽകിയ പരാതിയിൽ പരപ്പനങ്ങാടി പൊലീസ് ഉപ്പയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സംഭവം പുറത്തായതോടെ മദ്രസാ അധ്യാപകനായ അസീസ് അസ‌്ഹനി ഒളിവിൽപോയി.
എന്നാൽ കഴിഞ്ഞദിവസം ജോലിചെയ്യുന്ന പള്ളിയിൽ ഇയാൾ എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി എസ്‌ഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു. പൊലീസ് ചോദ്യംചെയ്തതിൽ സമാനമായ തരത്തിലുള്ള മറ്റ് ചില കേസുകളിലും ഇയാൾക്കെതിരെ തെളിവുകൾ ലഭിച്ചതായും പൊലീസ് പറഞ്ഞു.
പോക്‌സോ, ബലാത്സംഗം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ തിരൂർ മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കി.









0 comments