വലിയ വിമാനങ്ങളുടെ സർവീസിന‌് കരിപ്പൂര്‍ സജ്ജമെന്ന‌് എയര്‍ ഇന്ത്യ

കരിപ്പൂർ
മലബാറിലെ പ്രവാസികളുടെ യാത്രാകേന്ദ്രമായ കരിപ്പൂർ വിമാനത്താവളം വലിയ എയർക്രാഫ്റ്റുകൾ ഇറങ്ങുന്നതിനും സജ്ജം. ബോയിങ് 747 ഇനത്തിൽപ്പെട്ട, 450 യാത്രക്കാർക്ക് കയറാവുന്ന ജംബോ ജെറ്റ് വിമാനങ്ങൾക്കും പറന്നിറങ്ങാൻ വിമാനത്താവളം പര്യാപ്തമാണെന്നാണ് എയർ ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥരുടെ നിഗമനം. തിങ്കളാഴ്ചയാണ‌് ഉദ്യോഗസ്ഥർ കരിപ്പൂരിലെത്തിയത‌്. ഇവരുടെ റിപ്പോർട്ട് ഡയറക്ടർ ഓഫ് സിവിൽ ഏവിയേഷന് കൈമാറും.
വിമാനത്താവള റൺവേയുടെ മിനുക്കുപണിയുമായി ബന്ധപ്പെട്ട് മൂന്നുവർഷംമുമ്പാണ് കരിപ്പൂരിൽനിന്നുള്ള വലിയ എയർ ക്രാഫ്റ്റുകളുടെ സർവീസ് നിർത്തുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി 180 യാത്രക്കാർക്ക് കയറാവുന്ന എ320 ഇനത്തിൽപ്പെട്ട ചെറിയ വിമാനങ്ങൾമാത്രമാണ് ഇവിടെനിന്ന‌് സർവീസ് നടത്തുന്നത്. ബോയിങ് 777‐200 വിഭാഗത്തിൽപ്പെട്ട, 300 യാത്രക്കാർക്ക് കയറാവുന്ന എയർക്രാഫ്റ്റ് കരിപ്പൂരിന് അനുവദിക്കണമെന്നാണ് നിലവിലെ ആവശ്യം. എന്നാൽ, ഈ ആവശ്യത്തിന് അപ്പുറമാണ് കരിപ്പൂരിന്റെ സൗകര്യം.
കരിപ്പൂർ വിമാനത്താവളത്തെ ഹജ്ജ് എംബാർക്കേഷൻ പോയിന്റായി തെരഞ്ഞെടുത്ത 2008ൽ തീർഥാടകരെ കൊണ്ടുപോകുന്നതിനായി ഇറങ്ങിയ ആദ്യ വിമാനം എയർ ഇന്ത്യയുടെ ബോയിങ് 747 ഇനത്തിൽപ്പെട്ട ജംബോ ജെറ്റായിരുന്നു. പത്ത് വർഷത്തിനുശേഷം റൺവേ മിനുക്കിപ്പണിതു. കുറ്റമറ്റ സൗകര്യങ്ങളും ഒരുങ്ങി. എന്നിട്ടും വലിയ എയർക്രാഫ്റ്റുകൾക്ക് അനുവദിക്കാത്തത‌് വിവാദമായി.
വിദേശ കമ്പനികളായ സൗദി എയർലൈൻസും എയർ അറേബ്യയും ഇത്തിഹാദുമെല്ലാം 300 പേർക്ക് യാത്രചെയ്യാവുന്ന 777‐200 ഇനത്തിൽപ്പെട്ട എയർക്രാഫ്റ്റുകൾ നേരത്തെതന്നെ പറത്തിയിരുന്നു.
ഇത്തരം വിമാനങ്ങൾപോലും ഇറക്കാൻ അനുമതിയില്ലെന്നതാണ‌് കരിപ്പൂരിന്റെ ഇപ്പോഴത്തെ അവസ്ഥ.
എയർ ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥൻ കരിപ്പൂരിലെത്തി വലിയ എയർക്രാഫ്റ്റുകൾക്ക‌് അനുകൂലമായി പ്രതികരിച്ചെങ്കിലും കേന്ദ്ര സർക്കാരിന്റെ തീരുമാനമാകും നിർണായകം.







0 comments