വിധിനിർണയത്തിനെതിരെ 
രാത്രി വൈകി വിദ്യാർഥികളുടെ പ്രതിഷേധം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 01, 2024, 01:45 AM | 0 min read

കോട്ടക്കൽ
ജില്ലാ കലോത്സവ വേദിയിലെ അവസാന ദിവസം അവസാന മണിക്കൂറിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. ഹയർ സെക്കൻഡറി വിഭാഗം നാടൻപാട്ട് മത്സരത്തിലെ വിധി നിർണയത്തിൽ അപാകം ആരോപിച്ച് പാണ്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെയും പുല്ലാനൂർ ജിവിഎച്ച്എസ് സ്കൂളിലെയും വിദ്യാർഥികൾ പ്രോഗ്രാം ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചു. ശനി രാത്രി പത്തോടെയാണ് സംഭവം. കലോത്സവത്തിലെ അവസാന ഇനങ്ങളിൽ ഒന്നായിരുന്നു ഹയർ സെക്കൻഡറി വിഭാഗം നാടൻപാട്ട് മത്സരം. ഇതിനുമുമ്പ് സമാപന സമ്മേളനം നടത്തി ഓവറോൾ ചാമ്പ്യന്മാർക്ക് കിരീടം നൽകിയിരുന്നു. ശേഷം വൈകിയാണ് നാടൻപാട്ടിന്റെ ഫലം വന്നത്. 
 ഫലം പ്രഖ്യാപിക്കുമ്പോൾ നമ്പർ പറയുന്നതിന് പകരം ജഡ്ജി ഒന്നാംസ്ഥാനം ലഭിച്ച സ്കൂളി​ന്റെ സ്ഥലപ്പേര് കൂടി പരാമർശിച്ചതായി വിദ്യാർഥികൾ ആരോപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമാണ് ഒന്നാംസ്ഥാനം നൽകിയത് എന്നാണ് വിദ്യാർഥികളുടെ ആരോപണം. 
സ്കൂൾമുറ്റത്ത് കുത്തിയിരുന്ന വിദ്യാർഥികൾ പാട്ടുപാടിയാണ് പ്രതിഷേധിച്ചത്. ഇതോടെ കൂടുതൽ വിദ്യാർഥികളും ഒപ്പംകൂടി. കുട്ടികൾക്കൊപ്പമുണ്ടായിരുന്ന പരിശീലകരായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് കുട്ടികളുടെ പ്രതിഷേധം ശക്തമായതോടെ കൂടുതൽപേരെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമിച്ചു. സ്ഥലത്തെത്തിയ സിപിഐ എം പ്രവർത്തകർ ഇടപെട്ടു. തുടർന്ന് മത്സരഫലം തടഞ്ഞുവയ്ക്കാനും മത്സരത്തിന്റെ വീഡിയോദൃശ്യം പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കാനും അധികൃതർ തീരുമാനിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home