നിലമ്പൂര്‍ ​ഗവ. കോളേജിന് കുഞ്ഞാലിയുടെ പേരിടണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 02:12 AM | 0 min read

നിലമ്പൂർ
അമരമ്പലം പഞ്ചായത്തിൽ ആരംഭിക്കാനിരിക്കുന്ന നിലമ്പൂർ ​ഗവ. ആർട്സ് ആൻഡ്‌ സയൻസ് കോളേജിന് കെ കുഞ്ഞാലിയുടെ പേരിടണമെന്ന് സിപിഐ എം നിലമ്പൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ജനപ്രതിനിധിയായിരിക്കെ വെടിയേറ്റ് കൊല്ലപ്പെടുന്ന രാജ്യത്തെ ആദ്യ തെരഞ്ഞെടുക്കപ്പെട്ട  എംഎൽഎയാണ് കെ കുഞ്ഞാലി. രണ്ട് തവണ നിലമ്പൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് വിജയിച്ചിട്ടും നിലമ്പൂരിന്റെ പ്രഥമ ജനപ്രതിനിധിയായിരുന്നിട്ടും അദ്ദേഹത്തിന്റെ നാമധേയത്തിൽ ഔദ്യോഗിക സ്മാരകങ്ങളൊന്നും നിലമ്പൂർ മണ്ഡലത്തിലില്ല. കെ കുഞ്ഞാലി വെടിയേറ്റുവീണ പ്രദേശമായ ചുള്ളിയോട് ഉൾപ്പെടുന്ന അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടുംപാടത്ത്  നിർമിക്കാനിരിക്കുന്ന കോളേജിന്  കെ കുഞ്ഞാലിയുടെ പേര്‌ നൽകണമെന്നും സ്ഥലമേറ്റടുപ്പ് നടപടികൾ വേ​ഗത്തിൽ പൂർത്തിയാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നിലമ്പൂര്‍ ഗവ. ജില്ലാ ആശുപത്രി വികസനത്തിന് നിലമ്പൂര്‍ ഗവ. യുപി സ്കൂള്‍ സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കുക, വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ മലയോര മേഖലയ്ക്ക് പ്രത്യേക പദ്ധതി ആവിഷ്കരിക്കുക, നാടുകാണിവഴി വരുന്ന ഇതര സംസ്ഥാന ശബരിമല തീര്‍ഥാടകര്‍ക്ക്  നിലമ്പൂരില്‍ പ്രത്യേക സൗകര്യം ഒരുക്കണം, മലയോര ഹൈവേ നിര്‍മാണത്തിന് വനഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ അടിയന്തര ഇടപെടൽ നടത്തുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. 
കരുളായി കുഞ്ഞുട്ടി പനോലൻ, ഇ പി ഉമ്മർ ന​ഗറിൽ (പി ജി ഓഡിറ്റോറിയം) നടന്ന സമ്മേളനത്തിന്റെ രണ്ടാംദിനമായ വെള്ളിയാഴ്ച കെ മോഹനൻ, ടി പി യൂസഫ്, സി സഹിൽ, കെ പി ഉഷാദേവി, എം വിശ്വനാഥൻ എന്നിവർ പ്രമേയങ്ങളും എൻ എം ഷെഫിഖ് ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. ചർച്ചക്ക് ഏരിയാ സെക്രട്ടറി ഇ പത്മാക്ഷൻ, സംസ്ഥാന കമ്മിറ്റിയം​ഗം പി കെ സൈനബ എന്നിവർ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അം​ഗങ്ങളായ വി ശശികുമാർ, വി എം ഷൗക്കത്ത്, ജില്ലാ കമ്മിറ്റിയം​ഗം ജോർജ്‌ കെ ആന്റണി എന്നിവർ സംസാരിച്ചു.  


deshabhimani section

Related News

View More
0 comments
Sort by

Home