വരുന്നു, കലിക്കറ്റിൽ 
മള്‍ട്ടി ഡിസിപ്ലിനറി മ്യൂസിയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 07, 2024, 12:53 AM | 0 min read

തേഞ്ഞിപ്പലം
കലിക്കറ്റ് സര്‍വകലാശാലയില്‍ മള്‍ട്ടി ഡിസിപ്ലിനറി മ്യൂസിയം ഒരുക്കാനുള്ള വിശദമായ പദ്ധതിരേഖയ്‌ക്ക് സര്‍ക്കാര്‍ അംഗീകാരം. പദ്ധതിക്ക്‌ 12.35 കോടി രൂപയുടെ ഭരണാനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞദിവസം സര്‍വകലാശാലക്ക് ലഭിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സര്‍വകലാശാല അഞ്ച് വിഷയങ്ങളിലായി ഒരു മ്യൂസിയ സമുച്ചയം ഒരുക്കുന്നത്. ജൈവവൈവിധ്യം, ചരിത്രം, ഭാഷ, സാഹിത്യം, നാടോടിവിജ്ഞാനീയം എന്നീ വിഭാഗങ്ങളെ ഒരുകുടക്കീഴില്‍ കൊണ്ടുവരുന്നതാണ്‌ പദ്ധതി. പഠനം, ഗവേഷണം എന്നിവയ്‌ക്കുപുറമെ മലബാര്‍ മേഖലയുടെ സാമൂഹ്യ സാംസ്‌കാരിക,-ജൈവവൈവിധ്യ പ്രത്യേകതകളും ചരിത്രവും ആഴത്തിലറിയാൻ മ്യൂസിയം ഉപകരിക്കും. പ്രോ വൈസ് ചാന്‍സലറായി വിരമിച്ച ഡോ. എം നാസര്‍ മ്യൂസിയം കമ്മിറ്റിയുടെ അധ്യക്ഷനായിരിക്കെയാണ് പദ്ധതിയ്ക്കായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മ്യൂസിയത്തിനായുള്ള കെട്ടിടം വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ സജ്ജമാക്കിയിരുന്നു. ജൈവവൈവിധ്യ മ്യൂസിയത്തില്‍ ജന്തു–-സസ്യജാലങ്ങളുടേത് പ്രത്യേകമായി ഉള്‍പ്പെടുത്തും. ചരിത്രവിഭാഗത്തില്‍ മലബാറിന്റെ പ്രാദേശിക ചരിത്രത്തിനാകും പ്രാധാന്യം. സാഹിത്യത്തില്‍ ബഷീര്‍ ചെയറിനും നിലവിലുള്ള ബഷീര്‍ മ്യൂസിയത്തിനും മുന്‍ഗണന നല്‍കും. വൈക്കം മുഹമ്മദ് ബഷീറിന്റെ കൈയെഴുത്ത് പ്രതികളും അപൂര്‍വ ചിത്രങ്ങളും സ്വകാര്യവസ്തുക്കളുമെല്ലാം ഇവിടെ നേരത്തെ സംരക്ഷിക്കപ്പെടുന്നുണ്ട്. മ്യൂസിയ സമുച്ചയം തയ്യാറാകുന്നതോടെ സര്‍വകലാശാലാ പഠനവകുപ്പുകള്‍ പലപ്പോഴായി ശേഖരിച്ച പുരാരേഖകളും വസ്തുക്കളുമെല്ലാം ഇവിടേക്ക് മാറ്റാനും ശാസ്ത്രീയമായി സംരക്ഷിക്കാനും കഴിയും. കേരള മ്യൂസിയം ഓഫ് ഹിസ്റ്ററി ആന്‍ഡ് ഹെറിറ്റേജ് വഴിയാണ് വിശദമായ പദ്ധതിരേഖ തയ്യാറാക്കിയത്. ആധുനികരീതിയുള്ള വെളിച്ചസംവിധാനങ്ങളും ഇന്ററാക്ടീവ് ഡിസ്‌പ്ലേയുമെല്ലാം ഉള്‍പ്പെടുത്തിയാണ് മ്യൂസിയം ഒരുക്കുക. നിര്‍മിതബുദ്ധിയും പരമാവധി പ്രയോജനപ്പെടുത്തും.
 


deshabhimani section

Related News

View More
0 comments
Sort by

Home