സംസ്ഥാന സർക്കാർ കരുത്തില്‍ താനൂർ ട്രാക്കിലാകും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 22, 2024, 11:24 PM | 0 min read

താനൂര്‍
ബ്രിട്ടീഷുകാര്‍ നിർമിച്ച തിരൂർ – ബേപ്പൂർ -പാതയിലെ ആദ്യ റെയിൽവേ സ്റ്റേഷനുകളിലൊന്നാണ് താനൂര്‍. സ്റ്റേഷനിപ്പോഴും അസൗകര്യങ്ങളുടെ പാളത്തിലാണ്. കേന്ദ്രസർക്കാരും എംപിയും തിരിഞ്ഞുനോക്കാത്തതിനാല്‍  വികസനത്തില്‍ പിറകിലാണ്. 50 മീറ്റർമാത്രമാണ് പ്ലാറ്റ്ഫോമുകള്‍ക്ക് മേൽക്കൂര. മഴയും വെയിലുമേറ്റാണ് യാത്രക്കാർ ട്രെയിൻ കാത്തുനിൽക്കുന്നത്. പ്ലാറ്റ്ഫോം നവീകരണം നടന്നിട്ട് വർഷങ്ങളായി.
കേന്ദ്ര സര്‍ക്കാര്‍ കൈവിട്ട സ്റ്റേഷന്‍ നവീകരണത്തിന് മുന്‍കൈയെടുക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. മന്ത്രി വി അബ്ദുറഹ്മാന്റെ ആസ്തിവികസന നിധിയിലൂടെ 1.5 കോടി രൂപ അനുവദിച്ചു. സ്റ്റേഷന്റെ പഴയ കെട്ടിടം പൊളിച്ച് പുതുക്കി നിര്‍മിക്കും. പുതിയ ടിക്കറ്റ് ബുക്കിങ് ഓഫീസ്, കാത്തിരിപ്പ് കേന്ദ്രം, ടോയ്‌ലറ്റ് കോംപ്ലക്‌സ്, ഒന്നാം പ്ലാറ്റ്ഫോമില്‍ മേല്‍ക്കൂര, ഇരിപ്പിടം, മിനിമാസ്റ്റ് വിളക്കുകള്‍ എന്നിവയുള്‍പ്പെടുന്ന ബൃഹദ് പദ്ധതികളാണ് താനൂരില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. മന്ത്രി വി അബ്ദുറഹ്മാന്റെ ശ്രമഫലമായി കാട്ടിലങ്ങാടി ഭാഗത്തേക്ക് ഫുട്ട് ഓവർബ്രിഡ്ജ് നിർമിച്ചിരുന്നു. തയ്യാല റോഡ് റെയിൽവേ മേൽപ്പാലം നിര്‍മാണവും പുരോ​ഗമിക്കുകയാണ്. 
അമൃത് ഭാരത് പദ്ധതിയിൽ താനൂര്‍ റെയില്‍വേ സ്റ്റേഷനെയും ഉള്‍പ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പേ പാർക്കിങ് സംവിധാനം, പ്ലാറ്റ്ഫോം നവീകരണം എന്നിവയും നടപ്പാക്കണം. താനൂർ – ഇടപ്പള്ളി റെയിൽവേ ലൈൻ പദ്ധതി നടപ്പാക്കുന്നതും യാത്രക്കാര്‍ക്ക് ​ഗുണകരമാകും. 
സ്റ്റേഷനാണ് സ്റ്റോപ്പുവേണം
2013ൽ എറണാകുളം – കണ്ണൂർ ഇന്റർസിറ്റിക്കുശേഷം ഇതുവരെ ഒരു ട്രെയിനിനും താനൂരില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. മുംബൈ, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലേക്കടക്കം ദീർഘദൂര ട്രെയിനുകൾക്ക് താനൂരിൽ സ്റ്റോപ്പില്ല. 12 പാസഞ്ചർ ട്രെയിന്‍, 14 എക്സ്പ്രസ് ട്രെയിന്‍, രണ്ട് സൂപ്പർഫാസ്റ്റ് മെയില്‍ എന്നിവയ്ക്കുമാത്രമാണ് സ്റ്റോപ്പ്. ദീര്‍ഘദൂര ട്രെയിനുകളിൽ സ്റ്റോപ്പുള്ളത് ചെന്നൈ – മംഗളൂരു സെന്‍ട്രല്‍ മെയില്‍ (12602), മം​ഗളൂരു – ചെന്നൈ സെന്‍ട്രല്‍ മെയില്‍ (12602) എന്നിവക്കുമാത്രം. കോഴിക്കോട്  സ്റ്റേഷനിലെത്തിയാണ് താനൂരിലെ യാത്രക്കാര്‍ ദീര്‍ഘദൂര ട്രെയിനുകളില്‍ കയറുന്നത്. രാത്രി 11.15ന് തിരുവനന്തപുരം മലബാർ എക്സ്പ്രസ് പോയാൽ രാവിലെ 6.09ന് കോഴിക്കോട് – ഷൊര്‍ണൂര്‍ പാസഞ്ചര്‍മാത്രമാണ് ഇവിടെ നിര്‍ത്തുന്നത്. ഇതോടെ രാത്രികാലങ്ങളിൽ താനൂർ റെയിൽവേ സ്റ്റേഷൻ സാമൂഹ്യവിരുദ്ധരുടെ താവളമാകും. 


deshabhimani section

Related News

View More
0 comments
Sort by

Home