‘ഉണ്ണികളുടെ ഉണർത്തുപാട്ട്-’ കലാജാഥ പ്രയാണമാരംഭിച്ചു

കുറ്റ്യാടി
സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ മിഷനും സംയുക്തമായി നടപ്പാക്കുന്ന ശിശു സംരക്ഷണ പദ്ധതികളുടെ പ്രചാരണാർഥം നടത്തുന്ന കലാജാഥയും തെരുവുനാടകവും കുറ്റ്യാടിയിൽ നിന്ന‌് പ്രയാണമാരംഭിച്ചു.
ജനന സമയത്തുതന്നെ കുട്ടികൾക്കുണ്ടാകുന്ന വൈകല്യങ്ങൾ കണ്ടുപിടിച്ച് സൗജന്യ ചികിത്സ നൽകി സുഖപ്പെടുത്തുന്ന സർക്കാരിന്റെ മാതൃകാപദ്ധതികളെ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ‌് കലാജാഥയുടെ ലക്ഷ്യം.
മാവൂർ നവധാര തിയേറ്റേഴ്സിന്റെ കലാകാരന്മാരാണ‌് ജാഥയിലുള്ളത‌്. മാവൂർ വിജയൻ രചനയും സംവിധാനവും ചെയ്ത "ഉണ്ണികളുടെ ഉണർത്തുപാട്ട്’ എന്ന നാടകത്തിൽ സുധാകരൻ ചൂലൂർ, റീന പ്രഭകുമാർ, പി കെ അശ്വന്ത്, ഭരതൻ കുട്ടോത്ത് എന്നിവർ വേഷമിടുന്നു. കലാജാഥ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ട് ഡോ. എ ജമീല ഉദ്ഘാടനം ചെയ്തു.
ജോൺസൺ അഗസ്റ്റിൻ അധ്യക്ഷനായി. മാവൂർ വിജയൻ, എൻ കെ സിനില എന്നിവർ സംസാരിച്ചു. കലാജാഥ ജില്ലയിലെ 14 കേന്ദ്രങ്ങളിൽ പര്യടനം നടത്തി 20ന‌് മുക്കം സിഎച്ച‌്സിയിൽ സമാപിക്കും.
ജാഥ വെള്ളിയാഴ‌്ച- രാവിലെ - 9.30ന‌് താമരശേരി ഗവ. ആശുപത്രി, 11.30ന‌് ബാലുശേരി ഗവ. ആശുപത്രി എന്നിവിടങ്ങളിൽ പര്യടനം നടത്തും.









0 comments