കൈത്തിരി പദ്ധതിക്ക‌് തുടക്കം ഭിന്നശേഷിക്കാരുടെ ഉയർച്ച സമൂഹത്തിന്റെ ഉത്തരവാദിത്തം: മന്ത്രി ഇ പി

താമരശേരി
ഭിന്നശേഷിക്കാരായ ബാല്യ–- കൗമാരക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച‌് ഉയർത്തിക്കൊണ്ടുവരേണ്ടത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന‌് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. കാരുണ്യതീരം സ്‌പെഷ്യൽ സ്‌കൂളിൽ ‘കൈത്തിരി' പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷിക്കരെ സാധാരണ ജീവിതം നയിക്കാനാകുന്ന വിധം ഉയർത്താനാകണമെന്നും സാധാരണ ശേഷിയിലേക്ക് ഇവരെ എത്തിക്കുകയെന്നത് വലിയ ദൗത്യമാണെന്നും മന്ത്രി പറഞ്ഞു. ഇവർക്കായി പ്രവർത്തിക്കുന്നവർക്കെല്ലാം സർക്കാർ സഹായം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഗവ. ആയുർവേദ ഡിസ്‌പെൻസറിയുടെ നേതൃത്വത്തിൽ ഭാരതീയ ചികിത്സാവകുപ്പിന്റെയും നാഷണൽ ആയുഷ‌് മിഷന്റെയും സഹകരണത്തോടെ ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കും കൗമാരക്കാർക്കും ആരോഗ്യ-വിദ്യാഭ്യാസ സംരക്ഷണം ഉറപ്പുവരുത്താനാണ‌് കട്ടിപ്പാറ പഞ്ചായത്തിൽ പദ്ധതി ആരംഭിച്ചത‌്.
ആയുർവേദ രംഗത്തെ മികച്ച പ്രവർത്തനത്തിന് സംസ്ഥാന സർക്കാരിന്റെ പരുസ്‌കാരം നേടിയ ഡോ. കെ പ്രവീണിനെ ചടങ്ങിൽ മന്ത്രി ആദരിച്ചു.
കാരാട്ട് റസാഖ് എംഎൽഎ അധ്യക്ഷനായി. ഡോ. ജി എസ് സുഗേഷ്‌കുമാർ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട്, ബേബി ബാബു, മദാരി ജുബൈരിയ, പി സി തോമസ്, കെ ആർ രാജൻ, സി കെ എ ഷമീർബാവ, ബാബു കുടുക്കിൽ, കെ പി ഷൈനി, എം എ റഷീദ്, ടി സി വാസു, സി പി നിസാർ, കെ വി സെബാസ്റ്റ്യൻ, എം സുലൈമാൻ എന്നിവർ സംസാരിച്ചു.









0 comments