ടവർ നിർമാണത്തിനിടെ സ്പാനർ വീണ‌് വിദ്യാർഥികൾക്ക് പരിക്ക്

ബേപ്പൂർ
മൊബൈൽ ടവർ നിർമാണത്തിനിടെ ഇരുമ്പ് സ്പാനർ വീണ‌് സ്കൂൾ മുറ്റത്ത് കളിച്ചിരുന്ന മൂന്ന് കുട്ടികൾക്ക് പരിക്ക്. ബേപ്പൂർ അങ്ങാടിയിലെ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികളായ പടിഞ്ഞാറയിൽ ഇല്യാസിന്റെ മകൾ ഫാത്തിമ റനിയ (9), പുത്തൻവീട്ടിൽ നിയാസിന്റെ മകൾ ഫാത്തിമ്മ നാഫിദ (9), ഒ കെ യൂനസിന്റെ മകൾ നൂഹ (9 ) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചക്ക‌് ഭക്ഷണ സമയത്ത് സ്കൂൾ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ സമീപത്തെ കെട്ടിടത്തിന് മുകളിൽ നിർമാണം നടന്നുകൊണ്ടിരുന്ന മൊബൈൽ ടവറിലെ ജോലിക്കാരുപയോഗിച്ചിരുന്ന സ്പാനർ താഴെ കെട്ടിടത്തിന്റെ ടെറസിൽ വീണശേഷം തെറിച്ച് കുട്ടികളുടെ ശരീരത്തിൽ പതിക്കയായിരുന്നു.
തലയിൽ സ്പാനർ തുളച്ച് കയറി ആഴത്തിൽ മുറിവേറ്റ ഫാത്തിമ നാഫിദ എന്ന കുട്ടിയെ മിംസ് ആശുപത്രിയിലേക്ക് മാറ്റി. ചുമലിലും നെഞ്ചിലും പരിക്കേറ്റ മറ്റു രണ്ടുകുട്ടികൾ ചെറുവണ്ണൂരിലെ സ്വകാര്യാശുപത്രിയിലാണ് . ഈ മൊബൈൽ ടവറിനെതിരെ ജനകീയ പ്രതിഷേധം നിലനിൽക്കെയാണ് അപകടം.









0 comments