ഒരു വീട് വാസയോഗ്യമല്ല പന്നിയേരിയിൽ ജിയോളജി സംഘത്തിന്റെ പരിശോധന

നാദാപുരം
ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് പന്നിയേരി കോളനിയിൽ ജിയോളജി സംഘത്തിന്റെ പരിശോധന. മണ്ണിടിച്ചൽ ഭീഷണിമൂലം ക്യാമ്പിൽ കഴിയുന്നവരുടെ വീടുകളാണ് ജില്ലാ ജിയോളജിസ്റ്റ് ടി മോഹനന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചത്. ഒരുവീട് വാസയോഗ്യമല്ലെന്നും മറ്റുവീടുകളുടെ പിൻഭാഗം മണ്ണ് തട്ടുതട്ടായി എടുത്തുമാറ്റണമെന്നും സംഘം ആവശ്യപ്പെട്ടു. എലിയാടൻ ശാന്ത, തേനിയാടൻ ബിന്ദു, പാലുമ്മൽ കേളപ്പൻ, തേനിടാന ശാന്ത ഷൺമുഖൻ, പാലിൽ ബിന്ദു, ജയൻ കമ്പിളിപ്പാറ എന്നിവരുടെ വീടുകളാണ് പരിശോധിച്ചത്.
പരിശോധനയിൽ പാലുമ്മൽ കേളപ്പന്റെ വീടാണ് വാസയോഗ്യമല്ലെന്ന് കണ്ടെത്തിയത്. മറ്റുവീടുകളിലെ പിൻഭാഗത്തെ മണ്ണ് തട്ടുതട്ടായി എടുത്തു മാറ്റാനും മുറ്റത്ത് മണ്ണിടിഞ്ഞ ഭാഗം കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കാനും നിർദേശിച്ചു.
റിപ്പോർട്ട് മൂന്ന് ദിവസത്തിനകം കലക്ടർക്ക് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദുരിതാശ്വാസ ക്യാമ്പ് അവസാനിപ്പിക്കുവാൻ റവന്യൂ അധികൃതർ തീരുമാനിച്ചു. ട്രൈബൽ ഫണ്ട് ലഭ്യമാക്കി വീടുകൾ സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് പേരാമ്പ്ര ട്രൈബൽ ഓഫീസർ അറിയിച്ചു.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് ബാലകൃഷ്ണൻ, അഡീഷണൽ തഹസിൽദാർ കെ കെ രവീന്ദ്രൻ,പഞ്ചായത്ത് അംഗങ്ങളായ എൻ പി വാസു, രാജു അലക്സ്, എ ടി സുരേന്ദ്രൻ, വിലേജ് ഓഫീസർ ജയരാജൻ, ടി കെ വിജയൻ എന്നിവർ പങ്കെടുത്തു.
ബുധനാഴ്ച ഇ കെ വിജയൻ എംഎൽഎയുടെ അധ്യക്ഷതയിൽ നാദാപുരത്ത് ചേർന്ന മഴകെടുതി അവലോകന യോഗത്തിന്റെ തീരുമാനപ്രകാരമാണ് ജിയോളജി സംഘം പരിശോധന നടത്തിയത്.









0 comments