Deshabhimani

2026 മാർച്ചോടെ പൂർത്തിയാകും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 17, 2024, 02:38 AM | 0 min read

സ്വന്തം ലേഖകൻ
കോഴിക്കോട്‌
വൈദ്യുതി വിതരണം കാര്യക്ഷമമാക്കാനും വോൾട്ടേജ് പ്രശ്നം പരിഹരിക്കാനുമായി അടിവാരത്തും പന്തീരാങ്കാവിലും  110 കെവി സബ് സ്റ്റേഷൻ നിർമാണത്തിന്‌ തുടക്കമായി. 28.4 കോടി രൂപ ചെലവിട്ട്‌ നിർമിക്കുന്ന രണ്ട്‌ സബ്‌ സ്‌റ്റേഷനുകളും 2026 മാർച്ചോടെ പൂർത്തീകരിക്കും. കെഎസ്‌ഇബി ലിമിറ്റഡിന്റെ തനത് ഫണ്ടുപയോഗിച്ചാണ്‌ നിർമാണം. അടിവാരത്ത്‌ 11.5 കോടി രൂപയും പന്തീരാങ്കാവിൽ 16.9 കോടി രൂപയും ചെലവിട്ടാണ്‌ സബ്‌സ്‌റ്റേഷൻ നിർമാണം.
അടിവാരം, ഈങ്ങാപ്പുഴ, കൈതപ്പൊയിൽ, പുതുപ്പാടി, കണ്ണോത്ത്, കോടഞ്ചേരി പ്രദേശങ്ങളിലെ വൈദ്യുതിവിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതുപ്പാടി പഞ്ചായത്തിലെ അടിവാരത്ത്‌ സബ്‌സ്റ്റേഷൻ നിർമിക്കുന്നത്. നിലവിൽ കുന്നമംഗലം 220 കെവി സബ്സ്റ്റേഷൻ മുതൽ, താമരശേരി 110 കെവി സബ്സ്റ്റേഷൻ വരെയുള്ള വൈദ്യുതി ലൈൻ പൂർണമായും 110 കെവിയിലേക്ക് ശേഷി വർധിപ്പിച്ചു. അടിവാരം സബ്‌സ്‌റ്റേഷന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതോടെ താമരശേരി മുതൽ അടിവാരം വരെയുള്ള പ്രസരണ ശൃംഖലയും 110 കെവിയാകും.
പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന പുതുപ്പാടി, അടിവാരം, കൈതപ്പൊയിൽ, ഈങ്ങാപ്പുഴ, കണ്ണോത്ത്, കോടഞ്ചേരി എന്നീ പ്രദേശങ്ങളിൽ നിലവിൽ താമരശേരി സബ്‌സ്റ്റേഷനിൽനിന്നാണ് വൈദ്യുതി എത്തിക്കുന്നത്. ദൈർഘ്യമേറിയ 11 കെവി ഫീഡർ ലൈനുകളും പ്രദേശത്തിന്റെ ഭൂസ്വഭാവവും കാരണം വൈദ്യുതി വിതരണത്തിൽ ഒട്ടേറെ പ്രശ്‌നം നിലനിൽക്കുന്ന മേഖലയാണിത്. 
സബ്‌സ്റ്റേഷന്‌ അനുബന്ധമായി താമരശേരി മുതൽ വയനാട് കൂത്തുമുണ്ട വരെയുള്ള 20 കി. മീ 66 കെ വി സിംഗിൾ സർക്യൂട്ട് ലൈൻ 110 കെവി ഡബിൾ സർക്യൂട്ട് നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രവൃത്തികൾക്കും തുടക്കമായി. ഇതിന്റെ ആദ്യഘട്ടമായി താമരശേരി മുതൽ അടിവാരം സബ്‌സ്റ്റേഷൻ വരെയുള്ള 66 കി. മീ ലൈൻ സബ്‌സ്റ്റേഷൻ നിർമാണത്തോടൊപ്പം പൂർത്തീകരിക്കും.  
ഒളവണ്ണ പഞ്ചായത്തിലെ കോഴിക്കോടൻകുന്നിലാണ് പന്തീരാങ്കാവ് സബ് സ്റ്റേഷൻ നിർമിക്കുന്നത്. 12.5 എംവിയുടെ രണ്ട് ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കും. ഒളവണ്ണ, പെരുമണ്ണ പഞ്ചായത്തുകളിലെയും കോഴിക്കോട് കോർപറേഷന്റെ കിഴക്കുഭാഗത്തേയും അമ്പതിനായിരത്തിലേറെ ഉപഭോക്താക്കൾക്ക് നേരിട്ട് ഗുണം ലഭിക്കും. സബ് സ്റ്റേഷൻ വരുന്നതോടെ നല്ലളം, രാമനാട്ടുകര, മാങ്കാവ്, കുറ്റിക്കാട്ടൂർ സബ്‌ സ്‌റ്റേഷൻ പരിധികളിലെ വൈദ്യുതി വിതരണത്തിന്റെ ലോഡിൽ ആശ്വാസം ലഭിക്കും.

 



deshabhimani section

Related News

View More
0 comments
Sort by

Home