ഫിനും ബാപ്പയും മടങ്ങി, പ്രതീക്ഷയോടെ...

കോഴിക്കോട്
ഏഴുവരെ വർഷം മുമ്പുവരെ തുള്ളിച്ചാടി നടന്ന ഫിനു പൊടുന്നനെയാണ് ലോക്കോ മോട്ടോർ ഡിസബിലിറ്റി ബാധിതനായത്. മൂന്നുവർഷമായി സംസാരിക്കാനും കഴിയാതെയായി. 27 വയസ്സുകാരനായ നരിക്കുനി തെയ്യത്തുംകാവിൽ വീട്ടിൽ ഫിനു ഫവാസ് വിഎച്ച്എസ്ഇയിൽനിന്ന് ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ കോഴ്സ് കഴിഞ്ഞ് പിഎസ്‌സി പരീക്ഷയെഴുതി നിയമനം കാത്തിരിക്കയായിരുന്നു. റാങ്ക് പട്ടികയിൽ ഇടംനേടി. പക്ഷേ, ആ സമയത്താണ് രോഗബാധിതനാവുന്നത്. അസുഖം ബാധിച്ചതിനാൽ തുടർന്ന് പരിഗണിക്കാൻ കഴിയില്ലെന്ന് പിഎസ്‌സി അറിയിച്ചു. പരീക്ഷയെഴുതുമ്പോൾ അസുഖം ഇല്ലാതിരുന്ന കാര്യം ചൂണ്ടിക്കാണിച്ചിട്ടും പ്രയോജനമുണ്ടായില്ല. റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞു. അടുത്ത പിഎസ്‌സി വിളിക്കുമ്പോഴേക്കെങ്കിലും തനിക്ക് പരീക്ഷ എഴുതണം. അതിന് സാധിക്കുംവിധം നിയമഭേദഗതി നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ബാപ്പ അബ്‌ദുൾ മജീദിനൊപ്പം ഫിനു ആദാലത്തിനെത്തിയത്.
"ഫിനുവിന്റെ കാര്യം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കലക്ടറോട് മന്ത്രി എ കെ ശശീന്ദ്രൻ ആവശ്യപ്പെട്ടപ്പോൾ ഇരുവരുടെയും കണ്ണ് നിറഞ്ഞു. സ്ക്രൈബിനെ വച്ച് പരീക്ഷ എഴുതാൻ അനുവദിക്കുന്ന കാര്യം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് എഴുതുമെന്നറിയച്ചതോടെ ആശ്വാസത്തോടെയാണ് ഞങ്ങൾ മടങ്ങുന്നതെന്ന് അബ്‌ദുൾ മജീദ് പറഞ്ഞു. കലക്ടറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ വേണ്ടത് ചെയ്യാമെന്ന് മന്ത്രി ഉറപ്പ് പറഞ്ഞു.
ഇപ്പോൾ പഠിക്കുന്ന ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്സിന്റെ പരീക്ഷ എഴുതാൻ സ്ക്രൈബിനെ അനുവദിക്കണമെന്നായിരുന്നു മറ്റൊരു ആവശ്യം. മുമ്പ് നടന്ന അദാലത്തിന്റെ ഉത്തരവിനെ തുടർന്ന് രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതാൻ സ്ക്രൈബിനെ അനുവദിച്ചിരുന്നു. അഞ്ചുദിവസം മുമ്പ് മാത്രം അനുവദിക്കപ്പെട്ടതിനാൽ വേണ്ടത്ര മുന്നൊരുക്കം നടത്താനായില്ല. എന്നിട്ടും ആറ് പേപ്പറുകൾ പാസായി. ഇനി നാലെണ്ണംകൂടി കിട്ടാനുണ്ട്. ഒരു പരീക്ഷക്ക് കൂടി സ്ക്രൈബിനെ വച്ചാൽ കോഴ്സ് പാസാകുമെന്ന് ഫിനുവിന് ഉറപ്പ്. ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് ഉള്ള ഫിനു ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, എമർജൻസി മെഡിക്കൽ കെയർ എന്നീ കോഴ്സുകളും പാസായിട്ടുണ്ട്.









0 comments