പന്തലായനിയിൽ ഫുട്ഓവർ ബ്രിഡ്ജ് വരുന്നു

കൊയിലാണ്ടി
വർഷങ്ങളായുള്ള കാത്തിരിപ്പിനുശേഷം പന്തലായനിയിൽ റെയിൽവേയുടെ ഫുട്ഓവർ ബ്രിഡ്ജ് വരുന്നു. പന്തലായനി ഗവ. ഹയർ സെക്കൻഡറിയിലേക്ക് പോകുന്ന ഭാഗമാണ് ഫുട്ഓവർ ബ്രിഡ്ജ് നിർമിക്കാൻ ഏറ്റവും സാധ്യമായ സ്ഥലമെന്നാണ് റെയിൽവേ കണ്ടെത്തിയിരിക്കുന്നത്. ഇവിടെ റെയിൽവേ ഫുട്ഓവർ ബ്രിഡ്ജ് വരുന്നതോടെ പന്തലായനി ഗവ. ഹയർ സെക്കൻഡറിയിലെ കുട്ടികൾക്ക് ഭയമില്ലാതെ റെയിൽവേ പാളം കടന്ന് സ്കൂളിലേക്കെത്താം.
റെയിൽവേ ലൈനിന്റെ പടിഞ്ഞാറും കിഴക്കും വശങ്ങളിൽ ടാർ റോഡ് വന്നു നിൽക്കുന്നതിനാൽ കണക്‌ഷൻ റോഡിന് പ്രയാസമില്ല. മൂന്ന് മീറ്റർ വീതിയിലാണ് പാലം നിർമിക്കുക. നിർമാണത്തിന് ആവശ്യമായ ഫണ്ട് റെയിൽവേ തന്നെ കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊല്ലം യുപിയിലെ കുട്ടികൾ കടന്നുപോകുന്ന കൊല്ലം ഭാഗത്ത് ഫുട്ഓവർ ബ്രിഡ്ജ് നിർമിക്കണമെന്നതാണ് റെയിൽവേയുടെ കൊയിലാണ്ടിയിലെ രണ്ടാമത്തെ പരിഗണന. സാമ്പത്തിക അനുമതിയുടെ പ്രയോറിറ്റി അനുസരിച്ചാണ് റെയിൽവേ ഇവിടെ നിർമാണം നടത്തുക.
വളരെക്കാലമായി കൊയിലാണ്ടി നഗരസഭാധികൃതരുടെ നേതൃത്വത്തിൽ പന്തലായനിയിലെയും കൊല്ലത്തെയും ജനങ്ങളും പിടിഎ അടക്കമുള്ള സ്കൂൾ അധികൃതരും നടത്തിയ ഇടപെടലാണ് റെയിൽവേ ഉദ്യോഗസ്ഥരുടെ സർവേയിൽ ഇവയ്ക്കെല്ലാം പ്രാധാന്യം ലഭിച്ചത്.
കോരപ്പുഴ പാലത്തിന് വടക്കുവശം കോരപ്പുഴ ഗവ. ഫിഷറീസ് യുപി സ്കൂളിലെ കുട്ടികൾക്ക് പാളം മുറിച്ചുകടക്കാനുള്ള പ്രയാസം ഒഴിവാക്കാനായി അവിടെയും ഫുട്ഓവർ ബ്രിഡ്ജ് നിർമിക്കാൻ റെയിൽവേ തീരുമാനമെടുത്തിട്ടുണ്ട്. റെയിൽവേ അധികൃതരുമായി സ്കൂൾ അധികൃതരും ചേമഞ്ചേരി പഞ്ചായത്തും നിരന്തരം നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് റെയിൽവേ ഈ ഭാഗം പരിഗണിച്ചത്.









0 comments