മല്‍ഹാര്‍ 
ഗായകരോടൊപ്പം 
പാടാന്‍ എം ജയചന്ദ്രനും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2024, 02:21 AM | 0 min read

 

കോഴിക്കോട് 
ഭിന്നശേഷി വാരാചരണത്തിന്റെ സമാപന പരിപാടിയിൽ സംഗീത സംവിധായകൻ എം ജയചന്ദ്രൻ കുട്ടികളോടൊപ്പം പാടാനെത്തുന്നു. സമഗ്രശിക്ഷാ കോഴിക്കോടിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഭിന്നശേഷി കുട്ടികളുടെ ഓർക്കസ്ട്രാ ഗ്രൂപ്പായ മൽഹാറിലെ സംഗീത പ്രതിഭകളോടൊപ്പമാണ്‌ ജയചന്ദ്രൻ പാടുക. 
ശനി രാവിലെ 10 മുതൽ ഭട്ട്റോഡ് ബീച്ചിലെ സമുദ്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.  ശാരീരിക മാനസിക വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ അതിജീവിച്ച് വിജയരഥത്തിലേറിയ കലാകായിക പ്രതിഭകളെ ചടങ്ങിൽ ആദരിക്കും. ഡോ. എ കെ അബ്ദുൾ ഹക്കീം അധ്യക്ഷനാവും.
 സംസ്ഥാന കായികമേളയോടൊപ്പം ആദ്യമായി സംഘടിപ്പിക്കപ്പെട്ട ഇൻക്ലൂസീവ് കായികോത്സവത്തിൽ മൂന്നാംസ്ഥാനം നേടിയ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് 15 ബിആർസികളിൽ നിന്നായി പങ്കെടുത്ത നൂറിലധികം കായികപ്രതിഭകൾക്ക് ഡിഡിഇ സി മനോജ്കുമാർ ഉപഹാരങ്ങൾ വിതരണം ചെയ്യും.  സെറിബ്രൽ പാൾസി ദേശീയ അത്‌ലറ്റിക് മീറ്റ്, സ്പെഷ്യൽ സ്കൂൾ കലോത്സവം എന്നിവയിൽ പങ്കെടുത്തവർക്കുള്ള സമ്മാനവിതരണവുമുണ്ടാകും.
മികച്ച അക്കാദമിക പ്രവർത്തനങ്ങൾ കാഴ്ചവച്ച മൂന്ന് വിദ്യാലയങ്ങൾക്ക് 10,000- രൂപ വീതമുള്ള ഇന്നൊവേറ്റീവ് സ്കൂൾ പുരസ്കാരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി ഗവാസ്‌ നൽകും. ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ നൈപുണ്യ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള  സർട്ടിഫിക്കറ്റുകൾ  വിതരണം ചെയ്യും. കുട്ടികളുടെയും സ്പെഷ്യൽ എഡ്യുക്കേറ്റർമാരുടേയും കലാപരിപാടികളും അരങ്ങേറും.


deshabhimani section

Related News

View More
0 comments
Sort by

Home