കൂരാച്ചുണ്ടിൽ ശ്മശാനം നിർമിക്കാൻ കിഫ്ബിയിൽനിന്ന് 2.32 കോടി

ബാലുശേരി
കൂരാച്ചുണ്ട് പഞ്ചായത്തിൽ ആധുനികരീതിയിലുള്ള വാതക ശ്മശാനം യാഥാർഥ്യമാവുന്നു. സിപിഐ എം ഉൾപ്പെടെ നടത്തിയ ജനകീയപ്രക്ഷോഭങ്ങൾക്കൊടുവിലാണ് ശ്മശാനം യാഥാർഥ്യമാവുന്നത്. ശ്മശാനവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിന് 13 സിപിഐ എം പ്രവർത്തകരുടെ പേരിൽ കേസുമുണ്ട്.
സംസ്ഥാന സർക്കാർ 2.32 കോടി രൂപയാണ് കിഫ്ബിയിലൂടെ ഇതിനായി അനുവദിച്ചത്. കെ എം സച്ചിൻദേവ് എംഎൽഎയുടെ ഇടപെടലാണ് ഫണ്ട് അനുവദിക്കാൻ ഇടയാക്കിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ശ്മശാനം രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇംപാക്ട് കേരളയാണ് പ്രവൃത്തി സാങ്കേതികാനുമതി നൽകി ടെൻഡർ ചെയ്യുക. പനങ്ങാട് പഞ്ചായത്തിലെ വാതക ശ്മശാനം ടെൻഡർ നടപടിയിലാണ്. 2.5 കോടിരൂപയാണ് ഇതിനായി കിഫ്ബി അനുവദിച്ചിട്ടുള്ളത്.
കൂരാച്ചുണ്ട് പഞ്ചായത്തിലെ വട്ടച്ചിറ പൊന്നുണ്ടമലയിലെ മിച്ചഭൂമിയായ രണ്ടേക്കർ സ്ഥലം സർക്കാർ ശ്മശാനത്തിനായി അനുവദിച്ചിരുന്നു. 2012ൽ 10 ലക്ഷംരൂപ അനുവദിച്ചെങ്കിലും പഞ്ചായത്ത് ശ്മശാനം നിർമിക്കുന്നതിന് കാര്യമായ ഇടപെടൽ നടത്തിയില്ല. ചട്ടങ്ങൾ പാലിച്ച് ശ്മശാനം നിർമിക്കാൻ ഹൈക്കോടതി വിധിയുണ്ടായിട്ടും ഭരണസമിതി അനങ്ങിയില്ല. ഇതിനിടെ പത്തിലധികംപേരുടെ മൃതദേഹം വീടിന്റെ അടുക്കളപൊളിച്ചും മുറ്റത്തും സംസ്കരിക്കുകയുണ്ടായി. ലക്ഷംവീട് കോളനിയിൽ താമസിക്കുന്നവരാണ് ഏറെ പ്രയാസപ്പെട്ടത്.









0 comments