സൈബർ സാമ്പത്തികത്തട്ടിപ്പ്: കോൺഗ്രസ് നേതാവടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 02:19 AM | 0 min read

താമരശേരി> മരുന്ന്‌ പാർസലിൽ എംഡിഎംഎയുണ്ടെന്ന് പറഞ്ഞ് മുംബൈ സ്വദേശിയിൽനിന്ന്‌ പണംതട്ടിയ കേസിൽ കോൺഗ്രസ് മണ്ഡലം നേതാവടക്കം മൂന്നുപേർ കസ്റ്റഡിയില്‍. കോൺഗ്രസ് കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡന്റ്‌  പരപ്പൻപൊയിൽ കൂടത്തമ്പലത്ത് സി മുഹ്സിൻ (53), പരപ്പൻപൊയിൽ കല്ലുവെട്ടുകുഴിയിൽ  കെ കെ അമീർ ഷാദ് (28), മാനിപുരം പൂക്കോട്ട് പറമ്പത്ത് അൻവർഷാദ് (43) എന്നിവരെയാണ് മുംബൈ പൊലീസ് താമരശേരി പൊലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്.  കേസിലെ മറ്റൊരു പ്രതിയായ  മുഹമ്മദ് ഷാമിൽ പൊലീസിനെ കണ്ട് ഓടി  രക്ഷപ്പെട്ടു. 

 മുംബൈ സൈബർ പൊലീസ് (നോർത്ത് റീജ്യൺ) സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പുകേസാണിത്. മുംബൈ സ്വദേശിയായ  സഞ്ജയ് സുന്ദരത്തിന്റെ പേരിൽ വന്ന പാർസലിൽ  എംഡിഎംഎയുണ്ടെന്ന് പറഞ്ഞാണ്‌ തട്ടിപ്പ്‌ നടത്തിയതെന്ന്‌ പൊലീസ്‌ പറഞ്ഞു. പാർസലിൽ എംഡിഎംഎ ഉണ്ടെന്ന് വിവരം ലഭിച്ചുവെന്ന്‌ പറഞ്ഞ്‌ ഒരാൾ ഫോണിൽ ബന്ധപ്പെടുകയും സിബിഐ ഉദ്യോഗസ്ഥനെന്ന്  പരിചയപ്പെടുത്തിയ വ്യക്തി വീഡിയോ കോളിൽ വന്ന്‌ സഞ്ജയിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അയച്ചുനൽകാൻ ആവശ്യപ്പെടുകയും ചെയ്‌തു.  പിറ്റേന്ന് ഫോണിൽ ബന്ധപ്പെട്ട് സഞ്ജയിന്റെ അക്കൗണ്ടിലേക്ക് ലഹരിക്കടത്ത്‌, കുട്ടികളെ കടത്തൽ, കള്ളപ്പണ ഇടപാട് തുടങ്ങിയവയിലൂടെ പണം എത്തിയതായാണ് സൂചനയെന്നും  ഉടൻ പണം റിസർവ് ബാങ്കിന്റെ അക്കൗണ്ടിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു.
 
പിന്നീട് ആർബിഐയുടെ അക്കൗണ്ടാണെന്ന് വിശ്വസിപ്പിച്ച് ഒരു  നമ്പർ കൈമാറി. വ്യവസായിയുടെ  വിവിധ അക്കൗണ്ടുകളിൽനിന്ന്  3,48,84,521  കോടി രൂപ  പ്രതികൾ  കൈക്കലാക്കി.  ഈ  തുകയിൽ നിന്ന്‌ 85 ലക്ഷം രൂപ മുഹസിന്റെ ഉടമസ്ഥതയിലുള്ള പരപ്പൻപൊയിലിലെ  സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് ഇവരുടെ  സുഹൃത്തും പൂനൂർ സ്വദേശിയുമായ  സഹദ് അയച്ചു.  ഈ  തുക പ്രതിയായ അൻവർഷാദിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ  സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തി.  സഞ്ജയിനെ 24 മണിക്കൂറോളം വെർച്ച്വൽ കസ്റ്റഡിയിൽവച്ച സംഘം  ആർബിഐയുടേതെന്ന വ്യാജേന രേഖകൾ  ഫോണിൽ അയച്ചുകൊടുത്തു.  ഇപിഎഫ് അക്കൗണ്ടിലെ തുക കൂടി മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോൾ  സംശയം തോന്നി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.   തുടർന്നാണ് മുംബൈ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.


deshabhimani section

Related News

View More
0 comments
Sort by

Home