കുട്ടികളെ ഉപയോഗിച്ച്‌ മോഷണം: 
ഇരുചക്രവാഹനങ്ങൾ കണ്ടെടുത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2024, 12:46 AM | 0 min read

 

 
ഫറോക്ക്
പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗപ്പെടുത്തിയുള്ള ബൈക്ക്‌ മോഷണത്തിൽ വാഹനങ്ങളെല്ലാം കണ്ടെടുത്ത്‌ പൊലീസ്‌.  കഴിഞ്ഞ ദിവസം പിടിയിലായ രവിരാജിന്റെ (സെങ്കുട്ടി)  നേതൃത്വത്തിലുള്ള മോഷണ സംഘത്തിലുൾപ്പെട്ട പ്രായപൂർത്തിയാകാത്ത രണ്ട്‌ പ്രതികളെക്കൂടി  പിടികൂടുകയുംചെയ്‌തു.
കോഴിക്കോട് ടൗൺ, ഫറോക്ക്, കുന്നമംഗലം, വടകര തുടങ്ങിയ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന്‌ കഴിഞ്ഞ ഒരുമാസത്തിനിടെ മോഷ്ടിക്കപ്പെട്ട നാല്‌ ബൈക്കുകളും രണ്ടു സ്കൂട്ടറുകളുമാണ് വിവിധ സ്ഥലങ്ങളിൽനിന്ന്‌ പൊലീസ്‌ കണ്ടെടുത്തത്. ഫറോക്ക് എസിപി എ എം സിദ്ദിഖിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ  കഴിഞ്ഞ അഞ്ചിന് പിടിയിലായി റിമാൻഡിലായിരുന്ന മുഖ്യപ്രതി രവിരാജിനെ കസ്റ്റഡിയിൽ വാങ്ങി ഫറോക്ക് ഇൻസ്പെക്ടർ ടി എസ് ശ്രീജിത്ത്, എസ്ഐ വിനയൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ്
നടത്തിയ തുടരന്വേഷണത്തിലാണ്  വാഹനങ്ങൾ പിടിച്ചെടുത്തത്‌.
ഫറോക്ക് നഗരത്തിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന്‌ തുടർച്ചയായി ബൈക്കുകൾ മോഷ്ടിക്കപ്പെട്ടതോടെയാണ് അസി. കമീഷണറുടെ നേതൃത്വത്തിൽ  പ്രത്യേക അന്വേഷണമാരംഭിച്ചതും കുട്ടിക്കുറ്റവാളികളടങ്ങുന്ന സംഘം വലയിലായതും. ഫറോക്കിന് പുറമെ, കോഴിക്കോട്, വടകര റെയിൽവേ സ്റ്റേഷനുകൾ, കുന്നമംഗലം ടൗൺ എന്നിവിടങ്ങളിൽനിന്നാണ് സംഘം വാഹനങ്ങൾ മോഷ്ടിച്ചത്. പിടിച്ചെടുത്ത വാഹനങ്ങൾ  ബന്ധപ്പെട്ട സ്‌റ്റേഷനുകൾക്ക്‌ കൈമാറി. മുഖ്യപ്രതി രവിരാജിനെ വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്തവരെ  ജുവനൈൽ ജസ്റ്റിസ് ബോർഡിന്‌ മുന്നിൽ ഹാജരാക്കി.


deshabhimani section

Related News

View More
0 comments
Sort by

Home