മിന്നൽ വേഗത്തിൽ പ്രതി പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2024, 01:49 AM | 0 min read

കുന്നമംഗലം
പയ്യടിമീത്തലിൽ വാടകക്ക് താമസിക്കുന്ന വീട്ടമ്മയെ മരുമകൻ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിലാവുന്നത് ഒന്നര മണിക്കൂറിനുള്ളിൽ. ആദിയോടത്ത് പറമ്പിൽ വീട്ടിൽ അസ്‌മാബി(55)യാണ് മരുമകന്റെ ക്രൂരതയ്ക്ക് ഇരയായത്. പ്രതി ചെന്നൈ ആരക്കോണം സ്വദേശി മെഹമൂദ് എന്ന മമ്മദ് (39) ആണ്  പാലക്കാടുവച്ച്‌ പിടിയിലായത്. 
ഒമ്പതുവർഷംമുമ്പ് പന്തീരാങ്കാവിലെത്തിയ പ്രതി അസ്‌മാബിയുടെ മകളെ വിവാഹം കഴിച്ചു.  സ്ഥിരം മദ്യപാനിയായ ഇയാൾ വീട്ടിൽ വഴക്കുണ്ടാക്കുക പതിവാണ്‌. ഭാര്യ ജോലിക്കുപോയ സമയത്ത് വീട്ടിലിരുന്ന് മദ്യപിച്ചതാണ്‌  പ്രതിയും ഭാര്യാമാതാവും വഴക്കിടാൻ കാരണം. അസ്‌മാബിയുടെ പത്തര ഗ്രാമിന്റെ മാലയും അഞ്ച്‌ ഗ്രാമിന്റെ കമ്മലും മൊബൈൽ ഫോണും കവർന്നു. ജോലികഴിഞ്ഞ് രാത്രി എട്ടരയോടെ വീട്ടിലെത്തിയ മകളാണ് ഉമ്മ മരിച്ചുകിടക്കുന്നതായി കണ്ടത്. ഉമ്മയുടെ ആഭരണങ്ങൾ കാണാനില്ലാത്തതും ഭർത്താവ് വീട്ടിൽനിന്ന്‌ അപ്രത്യക്ഷമായതും സംശയമുളവാക്കി.
ഫറോക്ക് അസി. കമീഷണർ എ എം സിദ്ധിഖും ഫറോക്ക് ക്രൈം സ്‌ക്വാഡ് അംഗങ്ങളും ജില്ലാ പൊലീസ് മേധാവി ടി നാരായണന്റെ കീഴിലുള്ള ജില്ലാ ക്രൈം സ്ക്വാഡും ചടുലമായ നീക്കത്തിലൂടെയാണ് പ്രതിയെ കുരുക്കിയത്.  വൈകിട്ട്‌ ആറോടെ കൃത്യം നിർവഹിച്ച മെഹമൂദ് എട്ടോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനുസമീപത്ത് ഉണ്ടായിരുന്നുവെന്ന് ലഭിച്ച വിവരമാണ്  വഴിത്തിരിവായതെന്ന് പൊലീസ് പറഞ്ഞു. 
 
ട്രെയിനിനെ പിന്തുടർന്ന് 
പൊലീസ് ജീപ്പ്
കുന്നമംഗലം  
പ്രതി മെഹമൂദിനെ പിടികൂടിയത് ട്രെയിൻ യാത്രയ്‌ക്കിടെ പാലക്കാടുവച്ചാണ്‌.  കുറ്റകൃത്യം നടത്തിയ ആൾ തനിക്ക് പരിചയമുള്ള സ്ഥലത്തേക്ക് സഞ്ചരിച്ച് അവിടെ മാറി മാറി ഒളിവിൽ താമസിക്കാൻ സാധ്യതയേറെയാണെന്ന നിഗമനമാണ് ട്രെയിനിനെ പിന്തുടരാൻ പൊലീസിനെ പ്രേരിപ്പിച്ചത്. ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിൻ പിന്തുടർന്ന് പൊലീസ് സംഘം ഷൊർണൂർ എത്തിയെങ്കിലും മിനിറ്റുകൾക്കുമുമ്പ്‌ ട്രെയിൻ സ്റ്റേഷൻ വിട്ടിരുന്നു. തുടർന്ന് പാലക്കാട് റെയിൽവേ ഡിവൈഎസ്‌പിക്ക് വിവരം കൈമാറി.  ഒലവക്കോട് സ്റ്റേഷൻ വിടാൻ സെക്കൻഡുകൾ ബാക്കി നിൽക്കെയാണ് പാലക്കാട് റെയിൽവേ പൊലീസ് ഫോട്ടോയോട് സാദൃശ്യം തോന്നിയ ആളെ തടഞ്ഞുവച്ചത്. ഇതിനിടെ പ്രതി റെയിൽവേ പൊലീസിനോട് പേരും വിലാസവും മാറ്റിപറഞ്ഞു കബളിപ്പിക്കാൻ ശ്രമിച്ചിരുന്നു. തത്സമയം ഫറോക്ക് എസിപിയും സംഘവും എത്തി. ഇയാളിൽനിന്ന്‌ കവർച്ചചെയ്‌ത സ്വർണവും ഫോണും പിടിച്ചെടുത്തു. 
അതേസമയം,  പ്രതി വടക്കുഭാഗത്തേക്കുള്ള ട്രെയിനിൽ യാത്ര ചെയ്യുകയാണെങ്കിൽ പിടികൂടാൻ കൺട്രോൾ റൂം എസിപി കുഞ്ഞുമോൻ കുട്ടിയുടെ മേൽനോട്ടത്തിൽ ബേപ്പൂർ ഐപി ദിനേശ് കോറോത്തും മാറാട് ഐപി ബെന്നി ലാലുവും കണ്ണൂർ റെയിൽവേ പൊലീസുമായി ചേർന്ന് കണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിൻ നിരീക്ഷിച്ചിരുന്നു.
പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയ പ്രതിയെ എസ്ഐ യു സനീഷ് അറസ്റ്റ് ചെയ്തു‌. നല്ലളം ഐപി ബിജു ആന്റണിക്കാണ് അന്വേഷണ ചുമതല. ഫറോക്ക് എസിപിയുടെ കീഴിലുള്ള ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐമാരായ ബിജു കുനിയിൽ, അരുൺ കുമാർ, എസ്‌സിപിഒ മധുസൂദനൻ മണക്കടവ്, അനുജ് വളയനാട്, ഐ ടി വിനോദ്, സിപിഒമാരായ സനീഷ്, സുബീഷ്, അഖിൽ ബാബു എന്നിവരും ജില്ലാ പൊലീസ് മേധാവിയുടെ ക്രൈംസ്ക്വാഡ് അംഗങ്ങളായ ഷഹീർ, രാജേഷ്, പ്രശാന്ത് കുമാർ, ആദില എന്നിവരും പന്തീരാങ്കാവ് എസ്ഐ യു മഹീഷ് എന്നിവരും അന്വേഷകസംഘത്തിലുണ്ടായിരുന്നു.

 



deshabhimani section

Related News

View More
0 comments
Sort by

Home