കുടിവെള്ളമെത്തുന്നു; കരുതലോടെ ആദ്യദിനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 06, 2024, 01:29 AM | 0 min read

 

 
കോഴിക്കോട് 
ജില്ലയിൽ കുടിവെള്ളം മുടങ്ങുന്ന പ്രദേശങ്ങളിൽ ബദൽ സംവിധാനമൊരുക്കി തദ്ദേശ സ്ഥാപനങ്ങൾ. കുടിവെള്ളക്ഷാമം നേരിടുന്നിടത്ത് വെള്ളമെത്തിക്കാൻ കൂടുതൽ വാഹനങ്ങളൊരുക്കിയാണ് വിതരണം ആരംഭിച്ചത്. ദേശീയപാത 66ന്റെ വികസനപ്രവൃത്തിയുടെ ഭാ​ഗമായി വേങ്ങേരി മുതൽ മലാപ്പറമ്പ് വരെ കുടിവെള്ള പൈപ്പ് മാറ്റുന്നതിനാലാണ് കോർപറേഷനിലും 13 പഞ്ചായത്തുകളിലും ഫറോക്ക് നഗരസഭയിലും നാലുദിവസം കുടിവെള്ളം മുടങ്ങുന്നത്.  
ഈസ്റ്റ്ഹിൽ, എരവത്ത്കുന്ന്, ബേപ്പൂർ, ചെറുവണ്ണൂർ, ഒളവണ്ണ, പെരുമണ്ണ, കക്കോടി, കുരുവട്ടൂർ, കാക്കൂർ, നരിക്കുനി, നന്മണ്ട, കുന്നമം​ഗലം, ബാലുശേരി എന്നീ സംഭരണികളിൽ വെള്ളം ശേഖരിച്ചിട്ടുണ്ട്. എരവത്ത്കുന്നിലെ സംഭരണിയിൽ 25 ലക്ഷം ലിറ്റർ വെള്ളമുണ്ട്. ജലവകുപ്പിന്റെ ഡിവിഷണൽ ഓഫീസുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾക്ക്  ഈ സംഭരണികളിൽനിന്ന് ആവശ്യമായ വെള്ളം വാഹനങ്ങളിൽ ശേഖരിച്ച് വിതരണംചെയ്യാം. ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ജലവകുപ്പ് അധികൃതർ അറിയിച്ചു. 
​ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുടിവെള്ള വിതരണം മുടങ്ങാതിരിക്കാൻ പ്രത്യേക കരുതൽ സ്വീകരിച്ചു. മാവൂർ കൂളിമാടിൽനിന്ന്‌ മെഡിക്കൽ കോളേജിലേക്ക് പമ്പിങ് ഉള്ളതിനാൽ വെള്ളത്തിന് പ്രതിസന്ധിയുണ്ടാകില്ല. മറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ വെള്ളമെത്തിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കലക്ടറേറ്റിലും ഒന്നിടവിട്ട ദിവസങ്ങളില്‍ വെള്ളമെത്തിക്കും. 
പ്രവൃത്തി വേ​ഗത്തിൽ
വേങ്ങേരി ബൈപാസ് ജങ്ഷൻ, തടമ്പാട്ടുതാഴം അടിപ്പാതക്ക്‌ സമീപം, ഫ്ലോറിക്കൻ റോഡ്, വേദവ്യാസ ജങ്ഷൻ പരിസരം എന്നിവിടങ്ങളിലാണ് ഒന്നര മീറ്ററോളം വ്യാസമുള്ള പഴയ പൈപ്പിൽ പുതിയത്‌ കൂട്ടിയോജിപ്പിക്കുന്നത്. മുറിക്കൽ, യോജിപ്പിക്കൽ, വെൽഡിങ് എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് പ്രവൃത്തി. നാലിടത്തും പൈപ്പ് ആരംഭിക്കുന്ന ഭാ​ഗത്ത് മുറിച്ചു. ക്രെയിൻ ഉപയോ​ഗിച്ച് പുതിയ പൈപ്പ് ചേർക്കാൻ തുടങ്ങി. വെൽഡിങ് വരും ​ദിവസങ്ങളിൽ നടക്കും. സുരക്ഷാക്രമീകരണങ്ങൾ പാലിക്കേണ്ടതിനാൽ വെൽഡിങ് പ്രവൃത്തിക്ക് സമയമെടുക്കും. ശേഷം വെള്ളം പമ്പ് ചെയ്ത് മർദം പരിശോധിച്ച്‌ കുടിവെള്ള വിതരണം ആരംഭിക്കും. വെള്ളിയാഴ്ച വരെ പ്രവൃത്തി തുടരും.


deshabhimani section

Related News

View More
0 comments
Sort by

Home