പൂട്ടിയിട്ട സ്റ്റീൽ കോംപ്ലക്സിൽ ലക്ഷങ്ങളുടെ മോഷണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 05, 2024, 01:44 AM | 0 min read

ഫറോക്ക് 
അടച്ചുപൂട്ടിയും  സ്വകാര്യ കമ്പനിക്ക് വിൽപ്പന നടത്തിയും അനാഥമായ ചെറുവണ്ണൂർ സെയിൽ - എസ്‌സിഎൽ (ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സ്) കമ്പനിയിൽനിന്ന്‌ ലക്ഷങ്ങളുടെ ലോഹവസ്തുക്കൾ മോഷ്‌ടിച്ച്‌ കടത്തിയതായി വിവരം. 30 ലക്ഷത്തോളം രൂപയുടെ, ചെമ്പ് കമ്പി ഉപയോഗിച്ചുള്ള കേബിളുകൾ മോഷ്ടിക്കപ്പെട്ടതായാണ് പുറത്തുവരുന്നവിവരം‌. മുമ്പും കമ്പനിയിലെ സ്‌റ്റോറിൽനിന്ന്‌ വിലപിടിപ്പുള്ള ലോഹവസ്തുക്കൾ വൻ തോതിൽ മോഷണം പോയിരുന്നു. ഇതിന്‌ കേസ് നിലവിലുണ്ട്. കഴിഞ്ഞ ദിവസം കമ്പനിയുടെ പിറകിൽനിന്ന്‌ തമിഴ്നാട്ടുകാരായ ആക്രിസാധനങ്ങൾ ശേഖരിക്കുന്നവരെ നാട്ടുകാർ തടഞ്ഞുനിർത്തി ചോദ്യംചെയ്തതോടെയാണ്‌ കമ്പനിയിൽ നടന്ന ലക്ഷങ്ങളുടെ ഞെട്ടിപ്പിക്കുന്ന  മോഷണവിവരം പുറത്തുവന്നത്.
ആക്രി ശേഖരിക്കുന്നവർ ചാക്കിലാക്കി കടത്താൻ ശ്രമിച്ച ചെമ്പ് കേബിളുകൾ ഉപേക്ഷിച്ച് രക്ഷപ്പെട്ടെങ്കിലും ഇതിന് മുമ്പ്‌‌ സമാനരീതിയിലും അല്ലാതെയും വൻതോതിൽ ലോഹ വസ്തുക്കൾ അനാഥമായ ഫാക്ടറിക്കകത്തുനിന്ന്‌ കടത്തിയതായാണ്‌  വിവരം.
 ഇരുമ്പ്  ബില്ലറ്റ് നിർമ്മാണ ഫാക്ടറിയുടെ ഫർണസിലേക്ക്  ട്രാൻസ്ഫോർമറിൽനിന്ന്‌ വൈദ്യുതി പ്രവഹിപ്പിക്കുന്ന ചെമ്പ് കേബിളുകളാണ് പ്രധാനമായും മുറിച്ചെടുത്ത് കടത്തിയിട്ടുള്ളത്. ഒരു ഫർണസിന്  12. 5 കിലോഗ്രാം തൂക്കം വരുന്ന 54 കേബിളുകളുണ്ടാകും. ഇങ്ങനെയുള്ള 88 കേബിളുകൾ മോഷ്ടിക്കപ്പെട്ടതിലൂടെ മാത്രം 30 ലക്ഷത്തോളം  രൂപയുടെ നഷ്ടമുണ്ടാകുമെന്ന് നേരത്തെ ഇവിടെ തൊഴിലെടുത്തിരുന്നവർ  പറയുന്നു.  
കോഴിക്കോട്–-രാമനാട്ടുകര പാതയോരത്ത് 30 ഏക്കറിൽ വിശാലമായ ഫാക്ടറി വളപ്പിൽ വിവിധ യൂണിറ്റുകളിലായി കോടികളുടെ ലോഹനിർമിത യന്ത്രങ്ങളും മറ്റ്‌ അനുബന്ധ  വസ്തുക്കളുമുണ്ട്. കമ്പനിക്ക് പിറകിലൂടെ അകത്തു കയറിപ്പറ്റാനുള്ള സൗകര്യമുപയോഗപ്പെടുത്തിയാകും മോഷണമേറെയും നടന്നതെന്നാണ് നിഗമനം. കഴിഞ്ഞ 29 നാണ് അക്രി ശേഖരിക്കുന്നവരെ നാട്ടുകാർ തടഞ്ഞത്. 
നേരത്തെ, ചെന്നൈയിലെ നാഷണൽ കമ്പനി ലോ  ട്രിബ്യൂണൽ ഉത്തരവിനെ തുടർന്ന്‌ കമ്പനി സംസ്ഥാന സർക്കാരിന്റെ സമ്മതം തേടാതെ  ഛത്തീസ്ഗഢ്‌ ഔട്ട്സോഴ്സിങ്  സർവീസ് എന്ന സ്വകാര്യ ഏജൻസിക്ക് വിറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസും തർക്കവും തുടരവെയാണ് മോഷണം. റസീവർ മേൽനോട്ടത്തിലുള്ള കമ്പനിയിൽ മൂന്ന് കാവൽക്കാരെ നിയോഗിച്ചിട്ടുണ്ട്‌.
 

 



deshabhimani section

Related News

View More
0 comments
Sort by

Home