കേന്ദ്രത്തിന്റെ കള്ളക്കളി; ബേപ്പൂരിൽനിന്ന്‌ ലക്ഷദ്വീപിലേക്ക് കപ്പലില്ലാതായിട്ട് 3 വർഷം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 01, 2024, 02:46 AM | 0 min read

ഫറോക്ക് > ബേപ്പൂർ തുറമുഖത്തുനിന്ന്‌ ലക്ഷദ്വീപിലേക്കും തിരിച്ചിങ്ങോട്ടും യാത്രാ കപ്പൽ സർവീസ് മുടങ്ങിയിട്ട്‌ മൂന്നുവർഷം പിന്നിടുന്നു.  കപ്പലിന്റെ അറ്റകുറ്റപ്പണിയുടെയും കോവിഡിന്റെയും പേരുപറഞ്ഞ്‌  2021ന്റെ തുടക്കത്തിലാണ് കപ്പൽ സർവീസ്‌ നിർത്തിയത്‌.  കപ്പൽ സർവീസ് മുടങ്ങിയതിനാൽ ദ്വീപ് നിവാസികളായ ആയിരക്കണക്കിന് വിദ്യാർഥികൾ, വ്യാപാരി വ്യവസായികൾ, മാരക രോഗത്തിന് ചികിത്സ തേടുന്നവർ ഉൾപ്പെടെ ദുരിതത്തിലാണ്. എന്നാൽ, സുരക്ഷയും കപ്പൽച്ചാലിന്റെ ആഴം കുറവുമാണ്‌  ദ്വീപ് ഭരണകൂടം സർവീസ്‌ പുനരാരംഭിക്കാതിരിക്കാൻ കാരണമായി പറയുന്നത്‌. ഈ രണ്ടു കാരണങ്ങളും അവാസ്‌തവമാണ്‌. ദ്വീപ്‌ നിവാസികളോടും മലബാറിനോടുമുള്ള  കേന്ദ്ര സർക്കാരിന്റെ രാഷ്‌ട്രീയ മനോഭാവമാണ്‌ ഇതിന്‌ പിന്നിലെന്ന ആരോപണവും  ശക്തമാണ്.
 
 സ്കാനിങ്, മെറ്റൽഡിറ്റക്ടർ എന്നിവ ഉൾപ്പെടെ രാജ്യാന്തര നിബന്ധന പ്രകാരമുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളുമേർപ്പെടുത്തിയശേഷം കേന്ദ്ര ഏജൻസികൾ പരിശോധനയും പൂർത്തിയാക്കി ഐഎസ്‌പിഎസ്‌ കോഡ്  ലഭിച്ച തുറമുഖമാണിത്‌. കേവലം ഒന്നര മീറ്റർ ആഴത്തിൽ സഞ്ചരിക്കുന്ന ലക്ഷദ്വീപ് കപ്പലുകൾക്ക് നാലുമീറ്റർ ആഴമുള്ള ബേപ്പൂരിലെത്താനുള്ള തടസ്സമെന്തെന്ന്‌  വ്യക്തമല്ല. കപ്പൽ ചാലിനും തുറമുഖ വാർഫ് ബേസിനും രണ്ടുമീറ്റർ ആഴമുള്ളപ്പോഴും ഇവിടെ കപ്പലുകൾ നങ്കൂരമിട്ടിരുന്നു. 
 
രാജ്യാന്തര നിലവാരമുള്ള സുരക്ഷാസംവിധാനങ്ങളും ദ്വീപ് യാത്ര കപ്പലുകൾക്ക് തുറമുഖത്ത് വന്നുപോകാവുന്ന ആഴവുമുണ്ടെന്നും ബേപ്പൂർ പോർട്ട് ഓഫീസർ ഹരി അച്യുതവാര്യർ പറഞ്ഞു. നേരത്തെയുണ്ടായിരുന്ന അതിവേഗ യാത്ര വെസലുകളടക്കം മുടക്കിയിരിക്കുകയാണെന്ന്‌ വർഷങ്ങളായി ബേപ്പൂർ തുറമുഖം വഴി ചരക്ക്‌ കയറ്റി അയക്കുന്ന ഏജന്റ്‌ പറഞ്ഞു.

 



deshabhimani section

Related News

View More
0 comments
Sort by

Home