പാഴ്‌വസ്‌തുക്കൾ വഴിമാറി; 
കരവിരുതിന്റെ അഴകിന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 23, 2024, 01:49 AM | 0 min read

 

കോഴിക്കോട്‌
നിറയെ പാഴ്‌വസ്‌തുക്കളായിരുന്നു ശാസ്‌ത്രകേന്ദ്രത്തിലെ ഹാളിന്‌ നടുവിൽ.  കാർഡ്‌ ബോർഡ്‌, ചിരട്ട, പ്ലാസ്‌റ്റിക്‌ കുപ്പികൾ എന്നിങ്ങനെ. എന്നാൽ രണ്ട്‌ മണിക്കൂർ പിന്നിട്ടപ്പോൾ മാലിന്യം വഴി മാറി, പൂവും ഗിറ്റാറും ട്രെയിനും കാറ്റാടിയന്ത്രവും നിറഞ്ഞു. കുറഞ്ഞ സമയംകൊണ്ട്‌ മാലിന്യത്തെ മാറ്റിമറിച്ച കുട്ടിക്കൂട്ടങ്ങൾ നടത്തിയ  ‘മാജിക്‌ ’ പരിസ്ഥിതി സംരക്ഷണ സന്ദേശത്തിനൊപ്പം കാഴ്‌ചാവിരുന്നുമായി. 
മേഖലാ ശാസ്ത്രകേന്ദ്രത്തിൽ നടക്കുന്ന സ്വച്ഛതാ ക്യാമ്പയിനിന്റെ ഭാഗമായുള്ള ‘മാലിന്യം കലാസൃഷ്ടിയിലേക്ക്’  മത്സരത്തിലാണ്‌  വിദ്യാർഥികളുടെ കലാവിരുത്‌ കണ്ടത്‌.  പാഴ്‌വസ്‌തുക്കൾകൊണ്ട്‌ ഉപയോഗ യോഗ്യമായ സാമഗ്രികൾ നിർമിക്കാനുള്ള മത്സരത്തിൽ  വിവിധ സ്‌കൂളുകളിലെ 17 വിദ്യാർഥികൾ പങ്കെടുത്തു. കാർഡ്‌ ബോർഡിൽ പഴയ കമ്പികൾ ഘടിപ്പിച്ച്‌  ഗിറ്റാർ, പഴങ്ങളുടെ കാർഡ്‌ ബോർഡ്‌ ബോക്‌സ്‌ കൊണ്ട്‌ ആമ, പഴയ പത്രങ്ങൾക്ക്‌ നിറം നൽകി അലങ്കാര വസ്‌തുക്കൾ, ആഭരണങ്ങൾ, ചിരട്ടകൊണ്ടുള്ള കരകൗശല വസ്‌തുക്കൾ,  റോഡ് റോളർ, ബോട്ടിൽ ഫാൻ, ബോട്ടിൽ കാർ തുടങ്ങിയവയാണ്‌  നിർമിച്ചത്‌. 
പുതുതലമുറയിൽ മാലിന്യസംസ്കരണം, പ്രകൃതി സംരക്ഷണം തുടങ്ങിയവയിൽ  അവബോധം സൃഷ്ടിക്കാനായിരുന്നു പരിപാടി. സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി വൃക്ഷത്തൈ നടൽ, ശാസ്ത്രകേന്ദ്രത്തിലെ വിവിധ സ്ഥലങ്ങൾ  വൃത്തിയാക്കൽ, വേസ്റ്റ് ടു ഷാഡോ ആർട്ട്‌,  ബീച്ച് വൃത്തിയാക്കൽ തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്‌.

 



deshabhimani section

Related News

View More
0 comments
Sort by

Home