മുക്കത്തിന്റെ 
കുതിപ്പ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 22, 2024, 01:48 AM | 0 min read

സ്വന്തം ലേഖകൻ

കോഴിക്കോട്
66–--ാമത് റവന്യു ജില്ലാ സ്‌കൂൾ ഒളിമ്പിക്സിന് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ തുടക്കം. കൗമാരക്കുതിപ്പിന്റെ പോരാട്ടച്ചൂടിൽ കനത്തമഴപോലും വിറച്ചു. കുതിക്കാനുറച്ച് ട്രാക്കിലിറങ്ങിയവർക്ക് മുമ്പിൽ മഴമാറി നിൽക്കുന്ന കാഴ്ചയാണ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ കണ്ടത്. ആദ്യദിനത്തിൽ 22 ഫൈനലുകൾ പൂർത്തിയായപ്പോൾ പുല്ലൂരാമ്പാറ സെന്റ് ജോസഫ്സ് എച്ച്എസിന്റെ കരുത്തിൽ 81  പോയിന്റുമായി മുക്കം ഉപജില്ല മുന്നിൽ. 12 സ്വർണവും മൂന്ന് വെള്ളിയും ഏഴ് വെങ്കലവുമായാണ് കുതിപ്പ്. മൂന്ന് സ്വർണവും ആറ് വെള്ളിയുമായി 36 പോയിന്റുമായി ബാലുശേരിയാണ് രണ്ടാമത്. 25 പോയിന്റുമായി കോഴിക്കോട് സിറ്റി (രണ്ട് സ്വർണം, മൂന്ന് വെള്ളി, അഞ്ച് വെങ്കലം) മൂന്നാമതാണ്.  
61  പോയിന്റോടെ പുല്ലൂരാമ്പാറ സെന്റ് ജോസഫ്സ് എച്ച്എസ് ആണ് സ്കൂളുകളിൽ മുമ്പിൽ. 27 പോയിന്റുമായി പൂവമ്പായി എഎംഎച്ച്എസ് രണ്ടാമതും 18 പോയിന്റുമായി സെന്റ് വിൻസന്റ്സ് കോളനി ​ഗേൾസ് എച്ച്എസ്എസ് മൂന്നാം സ്ഥാനത്തുമുണ്ട്. തൊട്ടുപുറകെ 17 പോയിന്റുമായി കുളത്തുവയൽ സെന്റ് ജോർജ്സ് എച്ച്എസ്എസുമുണ്ട്. 
രാവിലെ ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്റർ ഓട്ടമത്സരത്തോടെയാണ്‌ ട്രാക്ക്‌ ഉണർന്നത്. മത്സരങ്ങൾ പുരോ​ഗമിക്കുന്നതിനിടെ പകൽ 12.30ഓടെ ചെറുമഴയെത്തി. മഴ കനത്തോടെ  ഫീൽഡിലെ ജമ്പ്, ത്രോ ഇനങ്ങൾ മാറ്റിവച്ചു. മഴ മാറിയശേഷം പകൽ 2.30 ഓടെയാണ് മത്സരങ്ങൾ പുനരാരംഭിച്ചത്. പൂർത്തിയാക്കേണ്ട ഫൈനലുകൾ ഉൾപ്പെടെ നടത്തിയാണ് ആദ്യദിനം അവസാനിച്ചത്. ചൊവ്വാഴ്ച 34 ഫൈനലുകള്‍ നടക്കും.
മൂന്നുദിവസം നീളുന്ന കായികമേള മന്ത്രി പി എ മുഹമ്മദ് റിയാസ് ഷോട്ട്‌പുട്ട് എറിഞ്ഞ് ഉദ്ഘാടനംചെയ്തു. കോർപറേഷൻ വിദ്യാഭ്യാസ കായിക സ്ഥിരംസമിതി അധ്യക്ഷ സി രേഖ അധ്യക്ഷയായി. ഡിഡിഇ സി മനോജ് കുമാർ പതാക ഉയർത്തി. 
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ മുഖ്യാതിഥിയായി. ജില്ലാ സ്പോർട്സ് സെക്രട്ടറി പി സി ദിലീപ് കുമാർ, വാർഡ് കൗൺസിലർ കെ മോഹനൻ, ആർഡിഡിഎം സന്തോഷ് കുമാർ, സ്പോർട്സ് കൗൺസിൽ മെമ്പർ ടി എം അബ്ദുറഹിമാൻ, സ്പോർട്സ് കോ ഓർഡിനേറ്റർ ഡോ. ഷിംജിത്ത്, ആർ കെ ഷാഫി, ഐ സൽമാൻ എന്നിവർ സംസാരിച്ചു. സി മനോജ്‌ കുമാർ സ്വാഗതവും കെ മുഹമ്മദ് അസ്ലം നന്ദിയും പറഞ്ഞു. മേള ബുധനാഴ്ച സമാപിക്കും. 


deshabhimani section

Related News

View More
0 comments
Sort by

Home