ചായയില്ലെങ്കിലും പ്രശ്‌നമില്ല; രാവിലെ പത്രം കൈയിലെത്തണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 16, 2024, 03:28 AM | 0 min read

കൊയിലാണ്ടി 
വയസ്സ്‌ 93 ആയി. രാവിലെ ചായ കിട്ടിയില്ലെങ്കിലും കൊല്ലം നായക്കനവയലിൽ കാർത്യായനിയമ്മക്ക് പ്രശ്നമൊന്നുമില്ല. ആറരയാകുമ്പോഴേക്കും ദേശാഭിമാനി കൈയിൽ കിട്ടണമെന്ന നിർബന്ധമുണ്ട്‌. സമയം അൽപ്പം വൈകിയാൽ മതി പിന്നെ, പത്രവിതരണക്കാരനെ നോക്കിയുള്ള ഇരിപ്പാണ്. പത്രം കൈയിൽ കിട്ടിയാൽ എല്ലാം അരിച്ചുപെറുക്കി വായിക്കണം. അതിനുശേഷമേ കസേരയിൽനിന്ന് എഴുന്നേൽക്കൂ. 30 വർഷത്തിലധികമായി കാർത്യായനി അമ്മ തുടരുന്ന പതിവുജീവിതശൈലിയാണ്. ആദ്യം പ്രാദേശിക പേജുകളിലാണ്‌ കണ്ണെത്തുക. പിന്നീട്‌ ചരമ പേജ് മുഴുവൻ പരതും. നാട്ടിലെ ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്ന പരിശോധനയാണ്‌. തുടർന്ന് എഡിറ്റോറിയൽ, മറ്റു പേജുകൾ എന്നിവയും വായിക്കും. ഇ എം എസ്, നായനാർ, വി എസ്, പിണറായി ഇവരെല്ലാമാണ് മനസ്സിൽ നിറഞ്ഞുനിൽക്കുന്ന നേതാക്കൾ. നേതാക്കൾക്കെതിരെ വരുന്ന ആക്ഷേപങ്ങൾക്കെല്ലാം രാഷ്ട്രീയമായിത്തന്നെ മറുപടി പറയും.
പത്രം വീട്ടിലെത്തിയാൽ ആദ്യം വായിക്കേണ്ടത് താനാണെന്ന നിർബന്ധവും  കാർത്യായനി അമ്മയ്‌ക്കുണ്ട്‌. വായിച്ച അറിവുവച്ച്‌ വീട്ടുകാരോടും വീട്ടിൽ വരുന്നവരോടും കൃത്യമായി രാഷ്ട്രീയം പറയും. എൽഡിഎഫ് സർക്കാരിന്റെ പ്രാധാന്യം കൃത്യമായി വീട്ടിൽ വരുന്നവരോട് ഉറക്കെത്തന്നെ പറയും.  വർഷങ്ങൾക്കുമുമ്പ്‌ ഒരു പുലർച്ചെ ദേശാഭിമാനി പത്രം വിതരണംചെയ്യുകയായിരുന്ന മകൻ പത്മനാഭനെ വെട്ടിപ്പരിക്കേൽപ്പിച്ച ആർഎസ്എസുകാരുടെ പ്രവൃത്തി വേദനയോടെയാണ് അമ്മ ഓർക്കുന്നത്.


deshabhimani section

Related News

View More
0 comments
Sort by

Home